Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കത്തോലിക്കാ സഭയില്‍ വീണ്ടും പിളര്‍പ്പ് ഭീഷണി? മാര്‍പാപ്പയുടെ വിലക്ക് ലംഘിച്ച്‌ നാല് ബിഷപ്പുമാരുടെ അഭിഷേകം, 1988-ലെ ചരിത്രം ആവര്‍ത്തിക്കുമോ?

കത്തോലിക്കാ സഭയില്‍ വീണ്ടും പിളര്‍പ്പ് ഭീഷണി? മാര്‍പാപ്പയുടെ വിലക്ക് ലംഘിച്ച്‌ നാല് ബിഷപ്പുമാരുടെ അഭിഷേകം, 1988-ലെ ചരിത്രം ആവര്‍ത്തിക്കുമോ?

NRI Reporter 3 months ago

ജനീവ: വത്തിക്കാൻ്റെയും ലിയോ പതിന്നാലാമൻ മാർപാപ്പയുടെയും കർശന വിലക്കുകള്‍ ലംഘിച്ചുകൊണ്ട് സ്വിറ്റ്സർലൻഡിലെ ഒരു ചെറിയ ഗ്രാമത്തില്‍ വച്ച്‌ നാല് പുതിയ കാത്തലിക് ബിഷപ്പുമാരുടെ അഭിഷേകം നടന്നു.

കത്തോലിക്കാ സഭയില്‍ ഇതൊരു വലിയ പിളർപ്പിന് കാരണമായേക്കുമെന്ന് വത്തിക്കാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്ര യാഥാസ്ഥിതിക നിലപാടുകളുള്ള ‘സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത്’ (SSPX) എന്ന സംഘടനയാണ് ഔദ്യോഗിക അനുമതിയില്ലാതെ ഈ ചടങ്ങ് നടത്തിയത്.

അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാല് വൈദികരാണ് ബിഷപ്പുമാരായി ചുമതലയേറ്റത്. സ്വിറ്റ്സർലൻഡിലെ ഏകോണ്‍ എന്ന ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനയ്യായിരത്തോളം വിശ്വാസികള്‍ ഒത്തുകൂടിയിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

തർക്കത്തിന് പിന്നില്‍ നൂറ്റാണ്ടിൻ്റെ പഴക്കം

1960-കളിലും 70-കളിലും വത്തിക്കാൻ കൗണ്‍സില്‍ കൊണ്ടുവന്ന ആധുനിക നവീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന സംഘടനയാണ് സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത്. പ്രാദേശിക ഭാഷകളില്‍ കുർബാന ചൊല്ലുന്നതിന് പകരം ലത്തീൻ ഭാഷയില്‍ മാത്രമേ കുർബാന നടത്താവൂ എന്ന് ഇവർ വാശിപിടിക്കുന്നു. കൂടാതെ, പുരോഹിതർ ജനങ്ങള്‍ക്ക് അഭിമുഖമായി നിന്ന് കുർബാന അർപ്പിക്കുന്ന വത്തിക്കാൻ്റെ പരിഷ്കാരത്തെ ഇവർ എതിർക്കുന്നു. പാരമ്പര്യ രീതിയില്‍ ജനങ്ങള്‍ക്ക് പുറംതിരിഞ്ഞ് ബലിപീഠത്തിന് അഭിമുഖമായി മാത്രമേ കുർബാന നടത്താവൂ എന്നാണ് ഇവരുടെ നിലപാട്.

ഇതൊരു വലിയ തെറ്റാണെന്നും സഭയുടെ ഐക്യം തകർക്കുന്ന നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും വത്തിക്കാൻ മുൻപ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് പൂർണ്ണമായും നിരസിച്ചുകൊണ്ടാണ് സംഘടന ചടങ്ങുകളുമായി മുന്നോട്ട് പോയത്.

പുറത്താക്കല്‍ നടപടി ഉണ്ടായേക്കും?

മാർപാപ്പയുടെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിക്കുന്നത് കത്തോലിക്കാ നിയമപ്രകാരം അതീവ ഗുരുതരമായ തെറ്റാണ്. മുൻപ് 1988-ല്‍ ഇതേ സംഘടന ബിഷപ്പുമാരെ വാഴിച്ചപ്പോള്‍ അന്നത്തെ മാർപാപ്പ അവരെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2009-ല്‍ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ സഭയിലെ ഭിന്നതകള്‍ പരിഹരിക്കാൻ ഈ പുറത്താക്കല്‍ നടപടി പിൻവലിച്ചെങ്കിലും, വത്തിക്കാനുമായുള്ള തർക്കങ്ങള്‍ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. പുതിയ ബിഷപ്പുമാർക്കെതിരെയും വത്തിക്കാൻ സമാനമായ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകള്‍.

ആഗോളതലത്തില്‍ 140 കോടിയിലധികം വിശ്വാസികളുള്ള കത്തോലിക്കാ സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത് എന്ന സംഘടന ചെറുതാണെങ്കിലും (ഏകദേശം 6 ലക്ഷം അനുയായികള്‍), അമേരിക്കയിലെ കാൻസാസ് ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും ഇവർക്ക് ശക്തമായ സ്വാധീനവും വലിയ സാമ്പത്തിക സ്രോതസ്സുമുണ്ട്. സ്വിസ് വൈൻ ഉള്‍പ്പെടെയുള്ള സമ്മാനപ്പൊതികളും പ്രത്യേക തൊപ്പികളും വിതരണം ചെയ്തുകൊണ്ട് വലിയ ആഘോഷമായാണ് ഇത്തവണ ഇവർ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഈ പരസ്യമായ വെല്ലുവിളി വത്തിക്കാന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Four new Catholic bishops were consecrated in a small village in Switzerland, defying strict restrictions from the Vatican and Pope

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter