കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ അതിരൂക്ഷമായ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
എന്നാല്‍ മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ പേരുവിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് പുലർച്ചെയുണ്ടായ ഈ ആക്രമണത്തില്‍ വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് കനത്ത നാശനഷ്ടം സംഭവിക്കുകയും 63 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും അവർക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതായും കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍ ഒതൈബി അറിയിച്ചു.
ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെക്കുകയും വിമാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ തങ്ങളുടെ സർവീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചെങ്കിലും, നിലവില്‍ റണ്‍വേയിലെ തടസ്സങ്ങള്‍ നീക്കി വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ ചില നയതന്ത്ര മിഷൻ ഓഫീസുകളും സുപ്രധാന സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പാച്ചില്‍.
ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും തങ്ങള്‍ക്ക് ‘ചുവപ്പ് രേഖ’ ആണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ. ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് നടന്നതെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ഗള്‍ഫ് മേഖലയെ ആകെ അശാന്തമാക്കുന്ന ഈ ആക്രമണങ്ങളെ ഒന്നിച്ച് നേരിടണമെന്നും ജി.സി.സി. രാജ്യങ്ങള്‍ ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യു.എ.ഇ. പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ആഹ്വാനം ചെയ്തു.
Kuwait Airport Attack: Indian Embassy Confirms Death of an Indian National Amid Intense Iranian Strikes

