വാഷിംഗ്ടണ്‍: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയർന്നു.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നാല് വർഷത്തെ ഉയർന്ന നിരക്കിന് തൊട്ടുതാഴെയാണ് നിലവില്‍ വില തുടരുന്നത്. സമാധാന ചർച്ചകള്‍ എങ്ങുമെത്താത്തതും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നു നല്‍കാത്തതുമാണ് വിപണിയില്‍ ഇത്രയധികം പ്രതിഫലിക്കുന്നത്.
ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകളുടെ വില ഒരു ശതമാനം വർദ്ധിച്ച് ബാരലിന് 111.48 ഡോളറിലെത്തി. കഴിഞ്ഞ ദിവസം വലിയ കുതിച്ചുചാട്ടം നടത്തിയെങ്കിലും വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. സമാനമായി വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഉയർന്ന് ബാരലിന് 105.50 ഡോളറിലെത്തി.അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകള്‍ പരാജയപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഗോള ക്രൂഡ് വിലയില്‍ വലിയ രീതിയിലുള്ള വർദ്ധനവാണ് പ്രകടമാകുന്നത്.
ലോകത്തിലെ എണ്ണ-വാതക നീക്കങ്ങളുടെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നത് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നയതന്ത്ര തലത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
The post ലോകത്തിന്റെ ആശങ്കയ്ക്ക് പരിഹാരമില്ല, എണ്ണവിലയില്‍ വർദ്ധനവ് തുടരുന്നു: ആഗോള വിപണിയില്‍ അനിശ്ചിതത്വം appeared first on NRI Reporter | Global News Updates.

