വാഷിംഗ്ടണ്‍: അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തെ മുപ്പതിലധികം കമ്മ്യൂണിറ്റി ജലവിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം.
സംഭവത്തിന് പിന്നില്‍ ഇറാൻ ഹാക്കർമാരാണോ എന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികള്‍ അന്വേഷിച്ചു വരികയാണ്.
കമ്മ്യൂണിറ്റി ജലസംഭരണികളിലെ സാങ്കേതിക വിദ്യകളെ ബാധിച്ച ആക്രമണത്തെ തുടർന്ന് പലയിടങ്ങളിലും ജലവിതരണം മാനുവല്‍ ഓപ്പറേഷനുകളിലേക്ക് (സ്വമേധയാ ഉള്ള പ്രവർത്തനം) മാറ്റേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജലവിതരണ ഉപകരണങ്ങള്‍ റിമോട്ടായി നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ‘പ്രോഗ്രാമബിള്‍ ലോജിക് കണ്‍ട്രോളറുകളെ’ ആണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിട്ടത്.
മിനസോട്ടയ്ക്ക് പുറമെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും സമാനമായ സൈബർ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും കണ്‍ട്രോള്‍ സംവിധാനങ്ങള്‍ തകരാറിലായതിനെ തുടർന്ന് ജലസമ്മർദ്ദം കുറയുകയും വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തതായി ഫെഡറല്‍ അധികൃതർ അറിയിച്ചു.
അതേസമയം, മിനസോട്ടയിലെ പ്ലിമൗത്ത്, സൗത്ത് സെൻ്റ് പോള്‍, ബ്രാഹം തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണ സംവിധാനങ്ങളെ ആക്രമണം ബാധിച്ചെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടല്‍ മൂലം കുടിവെള്ള വിതരണത്തെയോ ഗുണനിലവാരത്തെയോ ബാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും മിനസോട്ട ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി വ്യക്തമാക്കി.
ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ എഫ്.ബി.ഐ, സി.ഐ.എസ്.എ എന്നീ സുരക്ഷാ ഏജൻസികള്‍ ജലവിഭവ മേഖലയിലുള്ളവർക്ക് കർശന ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇൻ്റർനെറ്റുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള കണ്‍ട്രോളറുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. 2023-ലും ഇറാൻ്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഹാക്കർമാർ ഇത്തരത്തില്‍ യു.എസ് ജലവിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു.
Massive cyberattack on Minnesota water supply networks; Controllers hacked, Iran behind it?

