ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പല സുപ്രധാന വസ്തുക്കളും കാണാനില്ലെന്ന തരത്തില്‍ പോലീസ് സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി.
സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ തികച്ചും തെറ്റാണെന്ന് ഭരണസമിതി വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോർട്ടില്‍ ‘നഷ്ടപ്പെട്ടു’ എന്ന് പരാമർശിച്ചിരിക്കുന്ന വൈര നാമവും വിളക്കും ഉള്‍പ്പെടെയുള്ളവ ശ്രീകോവിലിനുള്ളില്‍ ഭദ്രമായിരിപ്പുണ്ടെന്നും, ഭക്തർ സമർപ്പിച്ച സ്വർണ്ണ നാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകള്‍ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പോലീസ് ഉന്നയിച്ച വാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. ഭക്തരും ജീവനക്കാരും അതിഥികളും അടക്കമുള്ള മറ്റെല്ലാവരും കേരള പോലീസിന്റെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായി മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും. ചില വ്യക്തികള്‍ യാതൊരുവിധ സുരക്ഷാ പരിശോധനയുമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നുവെന്ന പോലീസിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ക്ഷേത്ര ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും സല്‍പ്പേരിനും കളങ്കം സൃഷ്ടിക്കുന്ന തരത്തില്‍, കൃത്യമായ അന്വേഷണം നടത്താതെ വസ്തുതാവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ മെയ് 29-ന് ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നടത്തിയ വിശദമായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി ഈ തീരുമാനത്തിലേക്ക് എത്തിയത്. വൈര നാമവും വിളക്കും സുരക്ഷിതമാണെന്ന കാര്യം ഭരണസമിതി അംഗങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Sree Padmanabhaswamy Temple Trust rejects Police report as baseless, demands action against officials

