ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ എഐ (കൃത്രിമ ബുദ്ധി) വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മെറ്റ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും ഏതാനും ഉപയോക്താക്കള്‍ക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു.
ഡല്‍ഹി ജന്തർ മന്ദറില്‍ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെടുത്തിയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള വ്യാജ വിഡിയോകള്‍ നിർമ്മിച്ച് പ്രചരിപ്പിച്ചത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭാരതീയ ന്യായ സംഹിത, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്. വ്യാജ വീഡിയോകളുടെ ഉറവിടം കണ്ടെത്താനും, ഇത്തരം ഉള്ളടക്കങ്ങള്‍ തടയുന്നതില്‍ മെറ്റയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പര്യാപ്തമായിരുന്നോ എന്ന് പരിശോധിക്കാനും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍, ജന്തർ മന്ദറിലെ ഇതേ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് രുചിക സിംഗ് എന്ന സ്ത്രീക്കെതിരെ നോയിഡയില്‍ ‘ എഫ്‌ഐആർ’ രജിസ്റ്റർ ചെയ്തു. ഗൗതം ബുദ്ധ നഗറിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പദവിയെ അപകീർത്തിപ്പെടുത്താനും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് പരാമർശമെന്ന് പരാതിയില്‍ പറയുന്നു.
Fake AI video of PM: Hyderabad Police files case against Meta India chief

