കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് പദവി തന്നെ ഉപേക്ഷിക്കാനുള്ള ഫോർമുലയുമായി സിപിഎം.
പദവി ആർക്കും വേണ്ടെന്നുവെച്ച് തത്കാലത്തേക്ക് തർക്കം പരിഹരിക്കാനുള്ള നിർദേശം സിപിഐ നേതൃത്വത്തിന് മുന്നില്‍ സിപിഎം വെക്കുമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ ഉപനേതാവ് പദവി രണ്ട് പാർട്ടികള്‍ക്കും അഭിമാനപ്രശ്നമായി മാറിയ സാഹചര്യത്തിലാണ് സിപിഎം വിട്ടുവീഴ്ചയ്ക്ക് പകരം പദവി തന്നെ ഉപേക്ഷിക്കുന്ന ഫോർമുല മുന്നോട്ടുവയ്ക്കുന്നത്.
ഒരു പാർട്ടി പദവി വിട്ടുനല്‍കുന്നത് രാഷ്ട്രീയമായി ക്ഷീണമായും കീഴടങ്ങലായും വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നീക്കം. സിപിഎം പദവി ഉപേക്ഷിക്കുന്നതോടെ സിപിഐയും കടുംപിടിത്തം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. സിപിഎം കെ.എൻ. ബാലഗോപാലിനും സിപിഐ മുൻമന്ത്രിയും പാർലമെന്ററി പാർട്ടി നേതാവുമായ കെ. രാജനും വേണ്ടിയാണ് പ്രതിപക്ഷ ഉപനേതാവ് പദവിക്കായി നിലകൊണ്ടത്. കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയും തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു.
സർക്കാർ 100 ദിവസം പിന്നിട്ടിട്ടും എല്‍ഡിഎഫ് യോഗം കൃത്യമായി ചേരാൻ കഴിയാത്തതിന് പ്രധാന കാരണം ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കമാണ്. പദവിയില്‍ തീരുമാനമായാല്‍ മാത്രമേ മുന്നണി യോഗം ചേരേണ്ടതുള്ളൂ എന്ന നിലപാടിലായിരുന്നു സിപിഐ. പദവി ലഭിച്ചേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, പദവി സിപിഎമ്മിനായിരിക്കുമെന്നും താൻ കത്ത് നല്‍കേണ്ട താമസമേയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്യമായി വ്യക്തമാക്കിയതോടെയാണ് ഭിന്നത രൂക്ഷമായത്.
തുടർന്ന് സിപിഎം നേതാക്കളായ സി.എൻ. മോഹനനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഉപനേതാവ് പദവി സിപിഎമ്മിന് തന്നെയായിരിക്കുമെന്നും അതാണ് കീഴ്‌വഴക്കമെന്നും ആവർത്തിച്ചു. എന്നാല്‍ ചില കീഴ്‌വഴക്കങ്ങള്‍ മാറേണ്ടതുണ്ടെന്നും സിപിഎം മാറി ചിന്തിക്കാൻ തയ്യാറാകണമെന്നും സിപിഐ നേതാക്കളായ പി. സന്തോഷ് കുമാറും രാജാജി മാത്യു തോമസും ഉള്‍പ്പെടെയുള്ളവർ തിരിച്ചടിച്ചു. യുവജന നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ ഭിന്നതയ്ക്ക് കൂടുതല്‍ ശക്തിപകർന്നു.
ഇതിനിടെ മുസ്ലിം ലീഗ് സിപിഐക്ക് ക്ഷണവുമായി രംഗത്തെത്തുന്ന സാഹചര്യം വരെയുണ്ടായി. ഉപനേതൃ പദവി സിപിഎം ഏറ്റെടുത്താല്‍ സിപിഐ കടുത്ത നിലപാട് സ്വീകരിക്കുമായിരുന്നു. പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതുപോലും പാർട്ടി ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പദവിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ സിപിഐക്ക് പദവി വിട്ടുനല്‍കുന്നതും സിപിഎമ്മിനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ഇരു പാർട്ടികള്‍ക്കും രാഷ്ട്രീയമായി വലിയ ക്ഷീണമുണ്ടാകാത്ത വിധത്തില്‍, ഒടുവില്‍ പദവി തന്നെ ഉപേക്ഷിച്ച് തർക്കം പരിഹരിക്കാനുള്ള ഫോർമുലയാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്.

