Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസികള്‍ ജീവിക്കുന്ന രാജ്യത്തോട് വിശ്വസ്തത പുലര്‍ത്തണം; ലോകത്തെ ഒന്നായി കാണുകയാണ് ആര്‍.എസ്.എസ് കാഴ്ചപ്പാട്: അമേരിക്കൻ മണ്ണില്‍ മോഹൻ ഭാഗവത്

പ്രവാസികള്‍ ജീവിക്കുന്ന രാജ്യത്തോട് വിശ്വസ്തത പുലര്‍ത്തണം; ലോകത്തെ ഒന്നായി കാണുകയാണ് ആര്‍.എസ്.എസ് കാഴ്ചപ്പാട്: അമേരിക്കൻ മണ്ണില്‍ മോഹൻ ഭാഗവത്

NRI Reporter 1 week ago

ന്യൂയോർക്ക്: ഭൗതിക വിജയം കൊണ്ടുമാത്രം മനുഷ്യജീവിതം പൂർണ്ണമാകില്ലെന്നും ലോകത്തെ ഒന്നായി കാണുക എന്നതാണ് ആർ.എസ്.എസിൻ്റെ ലക്ഷ്യമെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സർസംഘചാലക് മോഹൻ ഭാഗവത്.

ന്യൂയോർക്കിലെ മാഡിസണ്‍ സ്ക്വയർ ഗാർഡനില്‍ ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ സംഘടിപ്പിച്ച “യൂണിവേഴ്സല്‍ വണ്‍നസ് സെലിബ്രേഷൻ” (ആഗോള ഏകത്വ ആഘോഷം) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരത്തോളം ഇന്ത്യൻ-അമേരിക്കൻ സംഘടനകളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കയുടെ ‘ബഹുസ്വരത’യും ഭാരതത്തിൻ്റെ ‘വൈവിധ്യത്തിലെ ഏകത്വ’വും തമ്മില്‍ ഏറെ സമാനതകളുണ്ടെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ഭാരതത്തെ സംബന്ധിച്ചിടത്തോളം വൈവിധ്യവും ഏകത്വവും ജനങ്ങളുടെ ഡി.എൻ.എയിലുള്ളതാണ്. ബാഹ്യമായ ജീവിതശൈലിയില്‍ മനുഷ്യർ വ്യത്യസ്തരാണെങ്കിലും, ഉള്ളിലെ സഹജമായ ഏകത്വമാണ് നമ്മെ പരസ്പരം കോർത്തിണക്കുന്നത്. വൈവിധ്യം എന്നത് ഏകത്വത്തിൻ്റെ അലങ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദൻ്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, രാഷ്ട്രങ്ങള്‍ വെറും ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ലെന്നും പ്രപഞ്ച വ്യവസ്ഥയില്‍ അവയ്ക്ക് കൃത്യമായ ദൗത്യമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അമേരിക്കയോട് വിശ്വസ്തത പുലർത്തണം

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തോട് (കർമ്മഭൂമി) പ്രാഥമികമായ ഉത്തരവാദിത്തമുണ്ടെന്ന് സർസംഘചാലക് പറഞ്ഞു. “നമ്മള്‍ ഇവിടെ ജീവിക്കുമ്പോള്‍ അമേരിക്കക്കാരനാണ്. അതുകൊണ്ട് അമേരിക്കയോട് പൂർണ്ണ വിശ്വസ്തത പുലർത്തണം,” അദ്ദേഹം പ്രവാസികളോട് ആഹ്വാനം ചെയ്തു.

തങ്ങളുടെ കടമകള്‍ പൂർത്തിയാക്കിയ ശേഷം താല്പര്യമുണ്ടെങ്കില്‍ മാത്രം ജന്മനാടായ ഭാരതത്തിന് സംഭാവനകള്‍ നല്‍കാം, അത് നിർബന്ധിതമല്ല. എന്നാല്‍ ഭാരതം പ്രവാസികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ജന്മനാട് അവർക്ക് പകർന്നുനല്‍കിയ ഉന്നതമായ മാനവിക മൂല്യങ്ങള്‍ ജീവിതത്തില്‍ പകർത്തുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വരുമാനവും ഭൗതിക സമ്പത്തും മാത്രം നോക്കി വിജയത്തെ അളക്കുന്ന രീതി ശരിയല്ലെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. എത്ര സമ്പാദിക്കുന്നു എന്നതിലല്ല, എത്രത്തോളം മറ്റുള്ളവർക്കായി വിതരണം ചെയ്യുന്നു എന്നതിലാണ് കാര്യം. ഹിന്ദു തത്ത്വചിന്തയിലെ നാല് പുരുഷാർത്ഥങ്ങളില്‍ ‘അർത്ഥവും’ ‘കാമവും’ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഭൗതിക സമൃദ്ധിക്ക് മാത്രം മനുഷ്യന് പൂർണ്ണ സംതൃപ്തി നല്‍കാനാവില്ല. അത് താല്ക്കാലികം മാത്രമാണ്.

മനുഷ്യൻ്റെ ബുദ്ധിശക്തി മറ്റുള്ളവരോടുള്ള ഉത്തരവാദിത്തം കൂടിയാണ് കാണിക്കുന്നത്. വിശന്നിരിക്കുന്ന ഒരു മനുഷ്യന് മുന്നില്‍ വെച്ച്‌ ഭക്ഷണം കഴിക്കാൻ മനുഷ്യത്വമുള്ള ആർക്കും കഴിയില്ല. ചിന്തകളെ ശരിയായ ദിശയില്‍ നയിച്ചാല്‍ ദൈവത്തിലേക്കും, തെറ്റായ വഴിക്ക് വിട്ടാല്‍ മൃഗതുല്യമായ അവസ്ഥയിലേക്കും മനുഷ്യൻ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മം എന്നത് വെറും മതമോ ആരാധനാക്രമമോ അല്ലെന്ന് മോഹൻ ഭാഗവത് വിശദീകരിച്ചു. വ്യക്തിയും സമൂഹവും പരിസ്ഥിതിയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് എല്ലാവർക്കും ഒരേസമയം പുരോഗതി പ്രാപിക്കാൻ അവസരമൊരുക്കുന്ന ഒന്നാണ് ധർമ്മം. വ്യക്തിയെയോ സമൂഹത്തെയോ അടിച്ചമർത്തിക്കൊണ്ടാകരുത് പുരോഗതി. ശരീരം, മനസ്സ്, ബുദ്ധി എന്നിവയോടൊപ്പം സമൂഹവും പരിസ്ഥിതിയും ഒന്നിച്ച്‌ മുന്നേറണമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേർത്തു.

RSS’s vision is to see the world as one: Mohan Bhagwat

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter