Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുടിന്റെ അഭിമാന ഉച്ചകോടി നടക്കാൻ മണിക്കൂറുകള്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മഴ പോലെ പെയ്തിറങ്ങി യുക്രേനിയൻ ഡ്രോണുകള്‍; യുദ്ധക്കപ്പലടക്കം തകര്‍ത്തതായി അവകാശവാദം

പുടിന്റെ അഭിമാന ഉച്ചകോടി നടക്കാൻ മണിക്കൂറുകള്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മഴ പോലെ പെയ്തിറങ്ങി യുക്രേനിയൻ ഡ്രോണുകള്‍; യുദ്ധക്കപ്പലടക്കം തകര്‍ത്തതായി അവകാശവാദം

NRI Reporter 1 week ago

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അഭിമാന സാമ്പത്തിക ഉച്ചകോടിയായ 'സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണല്‍ ഇക്കണോമിക് ഫോറം' ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തില്‍ യുക്രെയ്നിന്റെ വൻ ഡ്രോണ്‍ ആക്രമണം.

ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തില്‍ നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദിക്ക് തൊട്ടടുത്താണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ മൂന്ന് പ്രധാന ജില്ലകളെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ഡ്രോണുകള്‍ എത്തിയതെന്ന് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിന് പുറമെ മോസ്കോ ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖ റഷ്യൻ നഗരങ്ങളിലേക്കും ഒരേസമയം നൂറുകണക്കിന് ഡ്രോണുകളാണ് യുക്രെയ്ൻ തൊടുത്തുവിട്ടത്. ഈ വൻ വ്യോമാക്രമണത്തില്‍ റഷ്യയുടെ ഒരു പ്രമുഖ യുദ്ധക്കപ്പലും മറ്റ് തന്ത്രപ്രധാന സൈനിക ആസ്തികളും വിജയകരമായി തകർത്തതായി കീവ് അവകാശപ്പെട്ടു.

റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ സമീപമാസങ്ങളിലായി റഷ്യൻ എണ്ണക്കമ്പനികള്‍ക്കും ശുദ്ധീകരണ ശാലകള്‍ക്കും നേരെ യുക്രെയ്ൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ലോങ് റേഞ്ച് ഡ്രോണുകള്‍ ഉപയോഗിച്ച്‌ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ റഷ്യയിലെ ഇന്ധന വിതരണത്തെ ബാധിക്കുകയും സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍, ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണത്തിനാണ് മോസ്കോ സാക്ഷ്യം വഹിച്ചതെന്ന് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

സുരക്ഷാ ഭീഷണികള്‍ കാരണം കഴിഞ്ഞ മാസം മോസ്കോയില്‍ നടന്ന റഷ്യയുടെ പരമ്പരാഗത ‘വിക്ടറി ഡേ പരേഡ്’ പോലും വെട്ടിച്ചുരുക്കിയ ചടങ്ങുകളോടെയാണ് പുടിൻ നടത്തിയത്. പരേഡിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മോസ്കോയിലെ ജനവാസ കെട്ടിടങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ചരിത്രപരമായി റഷ്യ തങ്ങളുടെ സൈനിക കരുത്ത് ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന വിക്ടറി പരേഡിനെപ്പോലും യുക്രെയ്ൻ ഭീഷണി നിഴലിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുടിന്റെ ‘ഡാവോസ് ഉച്ചകോടി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഫോറത്തിന്റെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് സെന്റ് പീറ്റേഴ്‌സ്ബർഗില്‍ യുക്രെയ്ൻ ആഞ്ഞടിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter