Dailyhunt
പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതാ വോട്ടര്‍മാര്‍; പ്രവാസി വോട്ടും നിര്‍ണ്ണായകം; വോട്ടെടുപ്പ് പുരോഗമിക്കുന്നു, പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ

പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതാ വോട്ടര്‍മാര്‍; പ്രവാസി വോട്ടും നിര്‍ണ്ണായകം; വോട്ടെടുപ്പ് പുരോഗമിക്കുന്നു, പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ

NRI Reporter 1 week ago

തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. ഇതില്‍ 1,39,21,868 വനിതകളും 1,32,20,811 പുരുഷന്മാരും 273 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു. 2,42,093 പ്രവാസി വോട്ടർമാരും 53,984 സർവീസ് വോട്ടർമാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടർമാരുള്ളത്.

വോട്ടർ ഐഡി കാർഡ് കൈവശമില്ലാത്തവർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 11 ബദല്‍ രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച പാസ്ബുക്ക് (ബാങ്ക്/പോസ്റ്റ് ഓഫീസ്), തൊഴിലുറപ്പ് കാർഡ് എന്നിവയുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് രേഖപ്പെടുത്താം.

സംസ്ഥാനത്തുടനീളം 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2,040 ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണ്ടെത്തിയതിനെത്തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 76,000 പൊലീസ് ഉദ്യോഗസ്ഥരെയും 160 കമ്പനി കേന്ദ്രസേനയെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്.
കടുത്ത വേനല്‍ കണക്കിലെടുത്ത് ബൂത്തുകളില്‍ കുടിവെള്ളം, പന്തല്‍, ഫാൻ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് വൈകിട്ട് 6 മണി വരെ ക്യൂവില്‍ നില്‍ക്കുന്നവർക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാൻ അനുവദിക്കും.

പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ ഉയർത്തിക്കാട്ടി തുടർ ഭരണം പ്രതീക്ഷിക്കുകയാണ് ഇടതു മുന്നണി. എന്നാല്‍, സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നും ഭരണമാറ്റം ഉണ്ടാകുമെന്നുമാണ് യു ഡി എഫിൻ്റെ കണക്കു കൂട്ടല്‍. നിയമസഭയില്‍ ഒരിക്കല്‍ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻ ഡി എ.

More women voters than men; Expatriate vote also crucial; Voting in progress

The post പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതാ വോട്ടർമാർ; പ്രവാസി വോട്ടും നിർണ്ണായകം; വോട്ടെടുപ്പ് പുരോഗമിക്കുന്നു, പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter