പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്തയില്‍ അതീവ നാടകീയ രംഗങ്ങള്‍.
കൊല്‍ക്കത്ത ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലുള്ള ബാലറ്റ് ബോക്സുകള്‍ അനധികൃതമായി തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ബാലറ്റ് പെട്ടികളില്‍ കൃത്രിമം കാട്ടാൻ ശ്രമിക്കുന്നുവെന്നാണ് ടിഎംസിയുടെ ആരോപണം. ഇതിന് തെളിവായി സ്ട്രോങ് റൂമിന് പുറത്തെ സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടു.
സംഭവമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജിയും മന്ത്രിമാരും നേരിട്ട് സ്ഥലത്തെത്തി സ്ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ തൃണമൂല്‍ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച മമത ബാനർജി, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ബിജെപിക്ക് വലിയ വിജയം പ്രവചിക്കുന്ന മിക്ക എക്സിറ്റ് പോളുകളെയും മമത ബാനർജി നേരത്തെ തന്നെ തള്ളിയിരുന്നു. 221 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. മുൻ വർഷങ്ങളിലും ബംഗാളിലെ എക്സിറ്റ് പോളുകള്‍ തെറ്റിയിട്ടുണ്ടെന്നും ജനവിധി തങ്ങള്‍ക്കൊപ്പമാണെന്നും ടിഎംസി നേതൃത്വം വ്യക്തമാക്കുന്നു. സ്ട്രോങ് റൂമിലെ വിവാദത്തെ തുടർന്ന് മേഖലയില്‍ വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Bengal Strong Room Drama: Mamata Banerjee protests over alleged ballot box tampering ahead of results
The post സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ടിഎംസി, ബംഗാളില്‍ സ്ട്രോങ് റൂമിലെ ബാലറ്റ് പെട്ടി തുറക്കാൻ ശ്രമിച്ചെന്ന് ആരോപണം; മമതയടക്കം സ്ഥലത്തെത്തി വൻ പ്രതിഷേധം appeared first on NRI Reporter | Global News Updates.

