വാഷിങ്ടണ്‍: കൗമാരക്കാർക്കിടയിലെ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിർണായക കേസില്‍ മെറ്റയുമായി 52 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറല്‍മാർ ഒത്തുതീർപ്പിലെത്തി.
ഒത്തുതീർപ്പിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ളവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് ഡിഫോള്‍ട്ടായി പ്രതിദിനം രണ്ട് മണിക്കൂർ ഉപയോഗപരിധി ഏർപ്പെടുത്തും. മാതാപിതാക്കള്‍ക്ക് മാത്രമേ ഈ നിയന്ത്രണം നീക്കാൻ കഴിയൂ. യുവ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ലൈക്കുകളുടെയും റിയാക്ഷനുകളുടെയും എണ്ണം പ്രദർശിപ്പിക്കുന്നതും മെറ്റ നിർത്തും.
യുവാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വ്യക്തിഗത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ഫീഡും ഉപയോഗിക്കാം. കൂടുതല്‍ സമയം സ്ക്രോള്‍ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തില്‍ അല്‍ഗോരിതം ഉപയോഗിച്ച് ഉള്ളടക്കം തിരഞ്ഞെടുത്ത് നല്‍കാത്ത സംവിധാനമായിരിക്കും ഇത്. അടുത്ത 10 വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി 18 ബില്യണ്‍ ഡോളർ വരെ നല്‍കാൻ മെറ്റ സമ്മതിച്ചതായും കമ്പനി അറിയിച്ചു. എന്നാല്‍ ഒത്തുതീർപ്പില്‍ ഏർപ്പെട്ടതിലൂടെ തങ്ങള്‍ തെറ്റ് ചെയ്തതായി മെറ്റ സമ്മതിച്ചിട്ടില്ല.സംസ്ഥാന അറ്റോർണി ജനറല്‍മാരുമായി ചേർന്ന് സോഷ്യല്‍ മീഡിയ മേഖലയ്ക്ക് പുതിയ മാനദണ്ഡം രൂപപ്പെടുത്തുകയാണെന്ന് മെറ്റ വ്യക്തമാക്കി.
കൗമാരക്കാർക്ക് പ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷിതവും ഉല്‍പാദനക്ഷമവുമായ അനുഭവം ഉറപ്പാക്കുക കമ്പനിയുടെ പ്രധാന ഉത്തരവാദിത്വമാണെന്നും മെറ്റ പറഞ്ഞു.യുവ ഉപയോക്താക്കള്‍ക്കായി അപകടകരമായ ഉല്‍പന്നമാണ് മെറ്റ രൂപകല്‍പ്പന ചെയ്തതെന്ന് സംസ്ഥാന അറ്റോർണി ജനറല്‍മാർ നേരത്തെ ആരോപിച്ചിരുന്നു. ഉല്‍പന്നം അപകടകരമാണെന്ന് കമ്പനിക്ക് അറിയാമായിരുന്നിട്ടും ഇക്കാര്യം മറച്ചുവച്ചെന്നും അവർ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മെറ്റ പ്രതികരിച്ചു.
കാലിഫോർണിയയിലെ ഓക്‌ലൻഡിലെ കോടതിയില്‍ നടന്നുവന്ന ഫെഡറല്‍ കേസിലാണ് പുതിയ ഒത്തുതീർപ്പ്. ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരി കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുകക്ഷികളും ധാരണയിലെത്തിയത്. ഇൻസ്റ്റഗ്രാമിന്റെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുവച്ചെന്ന ആരോപണം മൊസേരി നിഷേധിച്ചിരുന്നു. ന്യൂ മെക്സിക്കോ അറ്റോർണി ജനറല്‍ മെറ്റക്കെതിരെ നല്‍കിയ മറ്റൊരു കേസില്‍ കമ്പനി പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഒത്തുതീർപ്പ്.
യുവാക്കള്‍ക്കിടയിലെ മാനസികാരോഗ്യ പ്രതിസന്ധിക്ക് മെറ്റ സംഭാവന നല്‍കിയതായി ജഡ്ജി കണ്ടെത്തുകയും കമ്പനിക്ക് 567 മില്യണ്‍ ഡോളർ പിഴ ചുമത്തുകയും ആപ്പുകളില്‍ മാറ്റങ്ങള്‍ വരുത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.ബുധനാഴ്ചയിലെ ഒത്തുതീർപ്പ് കോടതി അംഗീകരിക്കേണ്ടതുണ്ട്. ന്യൂ മെക്സിക്കോയും ഫ്ലോറിഡയും മാത്രമാണ് കരാറില്‍ ഉള്‍പ്പെടാത്ത സംസ്ഥാനങ്ങള്‍. ഒത്തുതീർപ്പിനെ ഫ്ലോറിഡ അറ്റോർണി ജനറല്‍ ജെയിംസ് ഉത്മെയർ രൂക്ഷമായി വിമർശിച്ചു. ട്രില്യണ്‍ ഡോളർ മൂല്യമുള്ള കമ്പനിക്ക് ലഭിച്ച ചെറിയ ശിക്ഷ മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മെറ്റയുടെ ലാഭം ലക്ഷ്യമിട്ടുള്ള അടിമത്തമുണ്ടാക്കുന്ന ഫീച്ചറുകള്‍ കുട്ടികള്‍ക്ക് വരുത്തിയ ഗുരുതരമായ ദോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തുക നിസ്സാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Meta settles with states in landmark social media addiction case

