Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുന്നു: "സഭയുടെ നിഷേധാത്മക നിലാപാട് ന്യായീകരിക്കാൻ ആവില്ല"

തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുന്നു: "സഭയുടെ നിഷേധാത്മക നിലാപാട് ന്യായീകരിക്കാൻ ആവില്ല"

NRI Reporter 5 days ago

വിന്‍സെന്റ് ഇമ്മാനുവല്‍

“തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സമരത്തോടുള്ള തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിഷേധാത്മക നിലാപാടായിരുന്നു.

കേരളത്തില്‍ നഴ്സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ജൂബിലിയിലും അമലയിലുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. സമരം തികച്ചും അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം 800-ലധികം ബെഡുകളുള്ള വലിയ ആശുപത്രികള്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥരായ ഇവര്‍ ഇവിടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്് നല്‍കുന്ന ശമ്പളത്തെയാണ് പൊതുവായ ശമ്പളമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

യഥാര്‍ത്ഥത്തില്‍ 300 ബെഡില്‍ താഴെയുള്ള ആശുപത്രികള്‍ പോലും നിലവില്‍ ജൂബിലിക്കും അമലയ്ക്കും തുല്യമോ അതില്‍ കൂടുതലോ ആയ ശമ്പളം നല്‍കുന്നുണ്ട്. ന്യായമായ വേതനം ആവശ്യപ്പെട്ടുള്ള സമരത്തെ മുസ്ലിം-ക്രൈസ്തവ ലഹളയാക്കി ചിത്രീകരിക്കാനും അണിയറയില്‍ നീക്കം നടന്നു. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ 90 ശതമാനത്തിലധികം പേരും ക്രൈസ്തവ സമുദായത്തില്‍പ്പെട്ടവരാണെന്നിരിക്കെയാണ് ഇത്തരമൊരു ജിഹാദി പ്രചരണം.

ഈയാഴ്ച ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമേരിക്കയിലെ മലയാളി ക്രൈസ്തവ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സ്വാഭാവികമായും വിശ്വാസത്തെക്കുറിച്ചും സേവനത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും ക്രൈസ്തവ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. വിശ്വാസികള്‍ അദ്ദേഹത്തെ ആദരവോടെയും സ്നേഹത്തോടെയും സ്വീകരിക്കുമെന്നതിലും തര്‍ക്കമില്ല. എന്നാല്‍ അതിന് മുമ്പ് ഒരു ചോദ്യം ചോദിക്കാതെ വയ്യ. സഭാമക്കള്‍ കൂടി ഉള്‍പ്പെട്ട കേരളത്തിലെ നഴ്സുമാരുടെ കരച്ചില്‍ സഭ ശരിക്കും കേട്ടിട്ടുണ്ടോ? അവിടെ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ട് ഇവിടെ വന്ന് സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സംസാരിച്ചാല്‍ അതില്‍ എവിടെയാണ് ആത്മാര്‍ത്ഥത?

പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സമൂഹത്തിന്റെ നട്ടെല്ലാണ് മലയാളി നഴ്സുമാര്‍. വിദ്യാഭ്യാസ വായ്പകളുടെ ഭാരവും കുടുംബബാധ്യതകളും സ്വപ്നങ്ങളും ചുമലിലേറ്റിയാണ് അവരില്‍ പലരും വിദേശത്തേക്ക് പോയത്. രാവും പകലും കഠിനാധ്വാനം ചെയ്തവര്‍ സ്വന്തം കുടുംബത്തെക്കാള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സമയം ചെലവഴിച്ചു. രോഗികളുടെ വേദന സ്വന്തം വേദനയായി കണ്ടു. അവരുടെ അധ്വാനഫലം അവരുടെ കുടുംബത്തെ മാത്രമല്ല സഭയെയും ഉയര്‍ത്തിയിട്ടില്ലേ?

അവരുടെ സംഭാവനകളാണ് അമേരിക്കയിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും നിരവധി മലയാളി ഇടവകകള്‍ക്ക് ഭൂമി വാങ്ങാനും ദേവാലയങ്ങള്‍ പണിയാനും പാരിഷ് ഹാളുകള്‍ നിര്‍മ്മിക്കാനും സ്‌കൂളുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാനും കരുത്തായത്. മലയാളി നഴ്സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗവും സാമ്പത്തിക പിന്തുണയും ഇല്ലായിരുന്നെങ്കില്‍ വടക്കേ അമേരിക്കയിലെ നിരവധി മലയാളി ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഇന്നത്തെ നിലയില്‍ വളരുക പ്രയാസമായേനെ. ഇന്ന് കേരളത്തില്‍ അവരുടെ സഹോദരങ്ങളായ നഴ്സുമാര്‍ ആവശ്യപ്പെടുന്നത് ആഡംബര ജീവിതത്തിനുള്ള വകയല്ല, അര്‍ഹിക്കുന്ന ന്യായമായ വേതനമാണ്. ഇത് അധികാരത്തിനുവേണ്ടിയുള്ള സമരമല്ല. നീതിക്കുവേണ്ടിയുള്ള മുറവിളിയാണ്.

വിശുദ്ധ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് തൊഴിലാളിയുടെ അര്‍ഹമായ കൂലി നിഷേധിക്കുന്നത് ദൈവസന്നിധിയില്‍ ഗുരുതരമായ പാപമാണെന്നാണ്. ദരിദ്രരുടെയും പീഡിതരുടെയും രോഗികളുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും പക്ഷത്താണ് യേശുക്രിസ്തു എന്നും നിലയുറപ്പിച്ചതെന്നും ദുര്‍ബലരെ ചൂഷണം ചെയ്യുന്ന സംവിധാനങ്ങളെ ക്രിസ്തു ശക്തമായി ചോദ്യം ചെയ്തുവെന്നും നമുക്കറിയാം. എന്നിട്ടും നമ്മുടെ മനസ്സാക്ഷി ഇന്ന് ആരുടെ കൂടെയാണ് നില്‍ക്കുന്നത്? അര്‍ഹമായ വേതനം ആവശ്യപ്പെടുന്ന നഴ്സുമാരുടെ കൂടെയോ? അതോ അവരുടെ വേദന കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത സംവിധാനങ്ങളുടെ കൂടെയോ? ഈ ചോദ്യം ഓരോ ക്രൈസ്തവനും സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണം.

നഴ്സുമാരെ നമ്മള്‍ ‘ദൈവത്തിന്റെ മാലാഖമാര്‍’ എന്നു വിശേഷിപ്പിക്കുന്നു. മഹാമാരികള്‍ വന്നപ്പോള്‍ ശുശ്രൂഷയുടെ മഹത്വമേകിയ അവരെ നമ്മള്‍ ആദരിച്ചു. അഭിനന്ദിച്ചു. എന്നാല്‍ നീതിയില്ലാത്ത പ്രശംസ അവര്‍ക്കെന്തിനാണ്. ‘മാലാഖ’ എന്ന വിളി അവരുടെ വിദ്യാഭ്യാസ വായ്പ അടയ്ക്കില്ല. അഭിനന്ദനങ്ങള്‍ അവരുടെ കുടുംബം പോറ്റില്ല. ആശീര്‍വാദങ്ങള്‍ ശമ്പളത്തിന് പകരമാവുകയുമില്ല. വര്‍ഷങ്ങളോളം പഠിച്ച്‌, ക്ലിനിക്കല്‍ പരിശീലനം നേടി, മനുഷ്യജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരു നഴ്സിന്റെ ജീവിതം ഇന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഒരു തെറ്റായ തീരുമാനം ഒരു ജീവന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നത്ര ഉത്തരവാദിത്വമുള്ള ജോലിയാണ് അവര്‍ ചെയ്യുന്നത്. എന്നിട്ടും പലര്‍ക്കും ജീവിതച്ചെലവ് പോലും മാന്യമായി നടത്താന്‍ കഴിയുന്നില്ല.

സഭ എപ്പോഴും മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചാണ് പഠിപ്പിച്ചിട്ടുള്ളത്. ആ അന്തസ്സ് പ്രസംഗങ്ങളില്‍ മാത്രം അല്ല, തൊഴിലിടങ്ങളിലും പ്രതിഫലിക്കണം. ക്രൈസ്തവ സ്ഥാപനങ്ങളാണ് നീതിയുടെയും ന്യായത്തിന്റെയും കരുണയുടെയും ആദ്യ മാതൃകയാകേണ്ടത്. അമേരിക്കയിലേക്ക് വരുന്ന സഭാ നേതാക്കളെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ കാത്തിരിക്കുന്നു. അവരില്‍ വലിയൊരു വിഭാഗം നഴ്സുമാരും അവരുടെ കുടുംബങ്ങളുമാണ്. ഇവിടെ സഭയുടെ വളര്‍ച്ചയില്‍ അവരുടെ അധ്വാനവും സമര്‍പ്പണവും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം ആഗതര്‍ മറക്കരുത്. ക്രിസ്തുസ്നേഹത്തെക്കുറിച്ചുള്ള പ്രസംഗം മാത്രമല്ല, മറിച്ച്‌ കേരളത്തിലെ നഴ്സുമാര്‍ക്ക് നീതി ലഭിക്കുമെന്ന വാക്കു കേള്‍ക്കാന്‍ കൂടിയാണ് ഇവിടെയുള്ള മലയാളികള്‍ ആഗ്രഹിക്കുന്നത്. കാരണം ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം പ്രസംഗങ്ങളല്ല, നീതിയാണ്. ഏറ്റവും വലിയ സുവിശേഷം വാക്കുകളിലല്ല, പ്രവര്‍ത്തിയിലാണ്.

കേരളത്തിലെ നഴ്സുമാര്‍ക്ക് അര്‍ഹമായ വേതനവും മാന്യമായ തൊഴില്‍ സാഹചര്യവും ഉറപ്പാക്കുന്നതിലൂടെ സഭ മാതൃക കാണിക്കട്ടെ. അതാണ് ലോകത്തോട് പറയാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ക്രൈസ്തവ സന്ദേശം. ഇപ്പോഴും ഞാനടക്കമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിര്‍പ്പ് സഭയോടല്ല, സാഹോദര്യത്തെക്കുറിച്ച്‌ സംസാരിക്കുകയും സഹോദരങ്ങള്‍ക്ക് നീതി നല്‍കാതിരിക്കുകയും ചെയ്ത് ഇരട്ടത്താപ്പ് കാണിക്കുന്ന ചില സഭാമേലധികാരികളോടാണ്. ദൈവത്തെ സ്നേഹിക്കണമെന്നു മാത്രമല്ല സുവിശേഷം പഠിപ്പിക്കുന്നത്. നമ്മുടെ മുന്നില്‍ നില്‍ക്കു മനുഷ്യനോട് നീതി പുലര്‍ത്തുന്നതും അതിന്റെ അവിഭാജ്യഘടകമാണ്.”

article of Vincent Emmanuel on Nurses Strike

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter