Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉരുള്‍പൊട്ടലില്‍ മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു; വീട് നിന്നിടത്ത് മണ്‍കൂന മാത്രം

ഉരുള്‍പൊട്ടലില്‍ മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു; വീട് നിന്നിടത്ത് മണ്‍കൂന മാത്രം

NRI Reporter 2 weeks ago

കോട്ടയം: സംസ്ഥാനത്ത് മഴ കനക്കവേ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെയ്ത്‌ അതിതീവ്ര മഴയെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവരുടെ വീട് നിന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറുമൊരു മണ്‍കൂന മാത്രമാണുള്ളത്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ വീട് ഏകദേശം 10 മുതല്‍ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പ്രദേശം നാമാവശേഷമായിരുന്നു. ഉരുള്‍പൊട്ടലിൻ്റെ ആഘാതത്തില്‍ വീട് പൂർണ്ണമായും തകരുകയും കല്ലും മണ്ണും വന്ന് മൂടുകയും ചെയ്‌തത് രക്ഷാപ്രവർത്തനത്തെ വലിയ രീതിയില്‍ വെല്ലുവിളിച്ചു.

രക്ഷാപ്രവർത്തകർക്ക് പുലർച്ചെ ഏഴ് മണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്താനായത്. തുടർന്ന് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവില്‍ റെജീനയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ദുരന്തസമയത്ത് വീട്ടില്‍ റെജീനയും മകൻ ജോസഫിനും മാത്രമാണ് ഉണ്ടായിരുന്നത്. റെജീനയുടെ ഭർത്താവ് ജോണി സമീപത്തെ വയോധികന്റെ വീട്ടില്‍ കൂട്ടു കിടക്കാൻ പോയതിനാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മറ്റൊരു മകൻ ജോലിക്കായി എറണാകുളത്തായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കനത്തമഴയെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് പേരാണ് ശനിയാഴ്ച‌ മരിച്ചത്. അടൂർമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അടൂർമല സ്വദേശി രവിയുടെ ഭാര്യയായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു. വീട് നിന്നിരുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 500 അടിയോളം താഴെനിന്നാണ് രക്ഷാപ്രവർത്തകർക്ക് മൃതദേഹം കണ്ടെത്താനായത്.

കനത്ത മണ്ണിടിച്ചിലില്‍ വാഗമണ്‍ കോലാഹലമേട്ടിലും വീട് തകർന്ന് ഒരാള്‍ മരിച്ചു. കോലാഹലമേട് സ്വദേശി ലീലാമണിയുടെ വീടിന് മുകളിലേക്കാണ് വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണത്. ഒറ്റയ്ക്ക് താമസിക്കുന്ന ലീലാമണിയെ സഹായിക്കാനായി വീട്ടിലെത്തിയ കൊച്ചപ്പൻ പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പെട്ടെന്നുണ്ടായ മണ്ണിടിച്ചിലില്‍ വീടിൻ്റെ ഒരു ഭാഗം തകരുകയും ഇദ്ദേഹം ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. മണ്ണ് ഇടിയുന്ന ശബ്‌ദം കേട്ടു ലീലാമണി വിളിച്ചു എങ്കിലും അദ്ദേഹത്തിന് ചെവി കേള്‍ക്കാൻ സാധിക്കാത്തതിനാല്‍ രക്ഷപ്പെടാൻ കഴിഞ്ഞില്ല.

A mother and son met a tragic end in a massive landslide at Payyanithottam, within the Poonjar Thekkekkara Panchayat.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter