തിരുവനന്തപുരം: സംസ്ഥാനത്ത് പതിനാറാം കേരള നിയമസഭയില്‍ യുഡിഎഫ് സർക്കാരിൻ്റെയും മുഖ്യമന്ത്രി വി.ഡി. സതീശൻ്റെയും കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും.
രാവിലെ ഒമ്പത് മണിക്ക് ഗവർണർ സഭയെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാവിലെ ഒൻപത് മണിക്ക് സഭ സമ്മേളിക്കുമ്പോള്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ഭാവി വികസനരേഖയും നയങ്ങളും വ്യക്തമാക്കുന്നതാകും ഇന്നത്തെ പ്രസംഗം. സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെൻ്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റികള്‍’ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇന്നത്തെ ഗവർണറുടെ പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തല്‍, പുതുതായി രൂപീകരിച്ച വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങള്‍ എന്നിവ നയപ്രഖ്യാപനത്തില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
മുൻ സർക്കാർ വിഭാവനം ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത സില്‍വർ ലൈൻ അർധ അതിവേഗ റെയില്‍ പദ്ധതിക്ക് പകരം പുതിയൊരു യാത്രാസംവിധാനം സർക്കാർ മുന്നോട്ടുവെക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളും നയപ്രഖ്യാപനത്തില്‍ ഇടംപിടിക്കുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചയാണ്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ പ്രഖ്യാപനമാകും ഇന്നത്തെ പ്രസംഗത്തിലെ പ്രധാന ആകർഷണം. വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങള്‍, ദേശീയപാത വികസനം വേഗത്തിലാക്കല്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ തുടങ്ങിയ വികസന പദ്ധതികള്‍ക്കും പ്രസംഗത്തില്‍ ഊന്നല്‍ നല്‍കും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകള്‍ ജൂണ്‍ 1 മുതല്‍ 3 വരെ നിയമസഭയില്‍ നടക്കും.
V. D. Satheesan government’s first policy announcement today; ‘Indira Guarantees’ may be emphasized

