പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തില്‍ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശിയില്‍ വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്ന പരാതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അതിവേഗം റിപ്പോർട്ട് നല്‍കിയത്.
മാധ്യമ വാർത്തകളില്‍ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവു എന്ന 65-കാരി തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഫ്ലൈയിംഗ് സ്ക്വാഡിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന സാക്ഷി ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ നിർദ്ദേശം നല്‍കി.
സംഭവത്തില്‍ തുടർനടപടികള്‍ക്കായി പാലക്കാട് ജില്ലാ കളക്ടർ പൊലീസ് സൂപ്രണ്ടിന് (എസ്.പി) പരാതി നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ കേസെടുത്ത് അന്വേഷണം നടത്താനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
Cash-for-Votes Row: Palakkad Collector Submits Report Against Shobha Surendran; Seeks Police Probe
The post വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരായ ആരോപണത്തില്‍ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കേസെടുക്കാൻ പൊലീസിന് പരാതി നല്‍കി appeared first on NRI Reporter | Global News Updates.

