Dailyhunt
യൂറോപ്യൻ സഖ്യകക്ഷികളുമായി ഉടക്കി ട്രംപ്; ജര്‍മ്മനിയില്‍ നിന്ന് 5,000 സൈനികരെ പിൻവലിക്കും

യൂറോപ്യൻ സഖ്യകക്ഷികളുമായി ഉടക്കി ട്രംപ്; ജര്‍മ്മനിയില്‍ നിന്ന് 5,000 സൈനികരെ പിൻവലിക്കും

NRI Reporter 1 week ago

വാഷിംഗ്ടണ്‍: ജർമ്മനിയില്‍ വിന്യസിച്ചിരിക്കുന്ന അയ്യായിരത്തോളം സൈനികരെ പിൻവലിക്കുമെന്ന് പെൻ്റഗണ്‍ പ്രഖ്യാപിച്ചു.

ഇറാൻ വിഷയത്തില്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഈ നിർണായക നീക്കം.

ഇറാൻ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടലുകളെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് രൂക്ഷമായി വിമർശിച്ചിരുന്നു. ചർച്ചകളില്‍ ഇറാൻ അമേരിക്കയെ അപമാനിക്കുകയാണെന്ന ചാൻസലറുടെ പരാമർശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. മെർസിൻ്റെ വാക്കുകള്‍ “അനുചിതവും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന്” പെന്റഗണ്‍ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആറ് മുതല്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍ 5,000 സൈനികരെ പിൻവലിക്കും. ഇതോടെ ജർമ്മനിയിലെ യുഎസ് സൈനികരുടെ എണ്ണം യുക്രെയ്ൻ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മാറും. പുതുതായി നിശ്ചയിച്ചിരുന്ന ലോംഗ് റേഞ്ച് ഫയർ ബറ്റാലിയൻ്റെ വിന്യാസം വേണ്ടെന്ന് വെച്ചു. ഒരു ബ്രിഗേഡ് കോംബാറ്റ് ടീമിനെ പൂർണ്ണമായും പിൻവലിക്കും.

ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷയില്‍ യൂറോപ്യൻ രാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്നാണ് ട്രംപിൻ്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ ഫെബ്രുവരി 28-ന് ഇറാനില്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച്‌ തങ്ങളോട് ആലോചിച്ചിരുന്നില്ലെന്നാണ് ജർമ്മനിയുടെ നിലപാട്. നിലവില്‍ 35,000 യുഎസ് സൈനികരുള്ള ജർമ്മനി യൂറോപ്പിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ്. ട്രംപിൻ്റെ പുതിയ തീരുമാനം നാറ്റോ സഖ്യത്തിനുള്ളില്‍ വലിയ ചർച്ചകള്‍ക്ക് വഴിമാറുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഊർജ്ജ പ്രതിസന്ധിയും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ജർമ്മനിയില്‍ നിന്നുള്ള സൈനിക പിന്മാറ്റം അമേരിക്കയും യൂറോപ്പും തമ്മിലുള്ള പ്രതിരോധ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter