കൊച്ചി: അച്ഛനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2009ല്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വർഷത്തിന് ശേഷം പനങ്ങാട് പൊലീസ് കണ്ടെത്തി.
പനങ്ങാട് ഭജനമഠത്തിന് സമീപം പുത്തൻകുളത്തില്‍ ദേവന്റെ മകൻ രാജീവ്കുമാർ (44) ആണ് വർഷങ്ങള്‍ക്കുശേഷം പൊലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്.
വീട് വിട്ടശേഷം രാജീവ്കുമാർ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിരുന്നില്ല. സീലിങ് ജോലി പഠിച്ചിരുന്ന രാജീവ് കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് കേരളത്തില്‍ തിരിച്ചെത്തിയെങ്കിലും വീട്ടിലേക്ക് മടങ്ങിയില്ല. തുടർന്ന് കളമശേരിയിലെ ലോഡ്ജില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.
ഇതിനിടെ രാജീവിന്റെ അച്ഛൻ ദേവൻ 2015ല്‍ മരിച്ചു. സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രാജീവിനെ കണ്ടെത്തേണ്ട സാഹചര്യം ഒരുമാസം മുൻപാണ് കുടുംബത്തിന് ഉണ്ടായത്. തുടർന്ന് ദേവന്റെ മൂന്ന് മക്കളില്‍ ഇളയയാളായ രാജീവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ലീലാമ്മ പനങ്ങാട് പൊലീസില്‍ പരാതി നല്കി.

