തിരുവനന്തപുരം: ഏതു നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് പോലും ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ.പി.
അബൂബക്കർ മുസ്‌ലിയാർ പരാമർശം നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങിക്കഴിയണമെന്ന കാന്തപുരത്തിന്റെ വാക്കുകള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. സ്ത്രീകള്‍ വീടിനുള്ളില്‍ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും ഇക്കാലമത്രയും നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്.
സ്ത്രീകളുടെ സുരക്ഷയുടെയും അന്തസ്സിന്റെയും പേരിലാണ് സഞ്ചാരസ്വാതന്ത്ര്യവും സാമൂഹിക ഇടപെടലുകളും പൊതുപങ്കാളിത്തവും പരിമിതപ്പെടുത്തുന്നതെന്ന് പറയുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്: ഇത് സംരക്ഷണമാണോ, അതോ നിയന്ത്രണമാണോ?
സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തി സുരക്ഷിതമായ സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാനാവില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും സാഹചര്യമൊരുക്കുകയാണ് വേണ്ടത്. ഒരുകാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും വലിയ സാമൂഹിക വെല്ലുവിളിയായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിലെ സ്ത്രീകളുടെ ജീവിതം വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല.

