കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമർശം.
നഗരത്തിലെ ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ അപകടപ്പാച്ചില്‍ തടയാൻ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നല്‍കി.
റോഡുകളിലെ സുരക്ഷ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. വലിയ വാഹനങ്ങളുടെ അപകടയോട്ടം കാല്‍നടയാത്രക്കാർക്കും ചെറുവാഹനങ്ങള്‍ക്കും വലിയ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
ബസ് ജീവനക്കാർക്ക് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും പരാതികള്‍ അറിയിക്കാൻ വാഹനങ്ങളില്‍ വാട്സാപ്പ് നമ്പർ പ്രദർശിപ്പിക്കുമെന്നും 2025-ല്‍ പോലീസ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ നടപടികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

