ക്രാഫ്റ്റും കളക്ഷനും കൈകോർത്തപ്പോള്‍ ബോക്‌സ് ഓഫീസിനെ വിറപ്പിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ' കളക്ഷൻ 300 കോടിയിലേക്ക് കുതിപ്പ് തുടരുകയാണ്.
ഒരു മികച്ച എന്‍റർടെയ്നർ പ്രായവ്യത്യാസമില്ലാതെ എങ്ങനെ തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കും എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. തിയേറ്ററുകളില്‍ ചിത്രം കണ്ടുമതിവരാത്ത പ്രേക്ഷകർക്കായി 'Encore' എന്ന പേരില്‍ രണ്ടാം ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പ്രേക്ഷകരുടെ പള്‍സ് കൃത്യമായി തൊട്ടറിയുന്ന ഗിരീഷ് എ ഡി എന്ന സംവിധായകന്‍റെ മാജിക്കാണ് ഈ ചിത്രത്തിന്‍റെ പ്രധാന കരുത്ത്. തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ പൂരം തീർക്കാൻ ഗിരീഷിന്‍റെ കൃത്രിമത്വം ലവലേശമില്ലാത്ത അവതരണരീതിക്ക് സാധിച്ചു. 'ജസ്റ്റിൻ ചേട്ടായി'യായി നിവിൻ പോളിയും 'ആഷ്‍ലി'യായി മമിത ബൈജുവും സ്ക്രീനില്‍ കാണിച്ച ഊർജ്ജസ്വലമായ കെമിസ്ട്രിയാണ് സിനിമയുടെ അടിത്തറ എന്ന് നിസ്സംശയം പറയാം. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.
ഭാവനസ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നൊരുക്കിയ നിർമ്മാണ നിലവാരം സിനിമയുടെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. റിലീസിന് മുൻപുള്ള തരംഗത്തിന് ശേഷം, സിനിമയുടെ ബോക്‌സ് ഓഫീസ് നേട്ടം നിലനിർത്താൻ അണിയറപ്രവർത്തകർ ഉപയോഗിച്ച ഷോർട് ഫിലിം അടക്കമുള്ള വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളും ചിത്രത്തെ വാർത്തകളില്‍ സജീവമാക്കി നിർത്തുകയുണ്ടായി. കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

