വാഷിംഗ്ടണ്‍: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സ്ഥിര മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള അതിപ്രധാന പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
മനുഷ്യന്റെ ദീർഘകാല ചന്ദ്രാന്വേഷണത്തിനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കും അടിത്തറയൊരുക്കുന്ന പദ്ധതിയെന്ന നിലയിലാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2030-കളില്‍ ഘട്ടംഘട്ടമായി നിർമാണം ആരംഭിക്കുന്ന ഈ "മൂണ്‍ ബേസ്" പദ്ധതി നാസയുടെ ആർട്ടെമിസ് ദൗത്യത്തിലെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായിരിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശം തെരഞ്ഞെടുക്കാൻ പ്രധാന കാരണം അവിടെയുള്ള പ്രത്യേക ഭൗമശാസ്ത്ര ഘടനകളാണ്. സ്ഥിരമായി സൂര്യപ്രകാശം ലഭിക്കാത്ത ആഴമുള്ള ക്രേറ്ററുകളില്‍ വൻതോതില്‍ ജലഹിമം അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ചില മേഖലകളില്‍ ഉപരിതല വസ്തുക്കളില്‍ തന്നെ 20 ശതമാനം വരെ ഐസ് സാന്നിധ്യമുണ്ടാകാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ഈ ജലഹിമം കുടിവെള്ളമായി ഉപയോഗിക്കുന്നതോടൊപ്പം, ശ്വസനത്തിന് ആവശ്യമായ ഓക്സിജനും റോക്കറ്റ് ഇന്ധനത്തിനാവശ്യമായ ഹൈഡ്രജനും നിർമ്മിക്കാൻ സഹായകരമാകുമെന്ന് നാസ വിലയിരുത്തുന്നു. ഭൂമിയില്‍ നിന്ന് നിരന്തരം സാധനങ്ങള്‍ എത്തിക്കേണ്ട സാഹചര്യം കുറയ്ക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
അതേസമയം, ദക്ഷിണ ധ്രുവത്തിലെ ഉയർന്ന പ്രദേശങ്ങള്‍ക്ക് വർഷത്തിലെ ഭൂരിഭാഗം സമയവും സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ സൗരോർജ ഉത്പാദനത്തിനും മേഖല ഏറെ അനുയോജ്യമാണെന്ന് നാസ വ്യക്തമാക്കുന്നു. ശാസ്ത്രീയ ഗവേഷണം, മനുഷ്യവാസം, ഊർജോത്പാദനം എന്നിവയ്ക്കായി വ്യത്യസ്ത മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ബേസ് സംവിധാനമാണ് നാസ ആലോചിക്കുന്നത്. നൂറുകണക്കിന് മൈല്‍ വ്യാപ്തിയിലുള്ള ശൃംഖലാ മാതൃകയിലായിരിക്കും കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുക.
പദ്ധതിയുടെ ഭാഗമായി "മൂണ്‍ഫോള്‍" എന്ന ചെറു ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശം പരിശോധിക്കും. 2028-ല്‍ ഫയർഫ്ലൈ എയറോസ്പേസ് ലാൻഡറിലൂടെ ഇവ ചന്ദ്രനിലെത്തിക്കാനാണ് നാസയുടെ പദ്ധതി. കൂടാതെ, ആസ്ട്രോലാബ്, ലൂണർ ഔട്ട്‌പോസ്റ്റ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് മനുഷ്യർ സഞ്ചരിക്കാവുന്ന ലൂണർ റോവറുകള്‍ വികസിപ്പിക്കാൻ കോടിക്കണക്കിന് ഡോളറിന്റെ കരാറുകളും നല്‍കിയിട്ടുണ്ട്.

