കോട്ടയം: എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസനപ്രവൃത്തികള്‍ക്ക് മുന്നില്‍ തന്റെ പേരോ വീട്ടുപേരോ എഴുതി വയ്ക്കേണ്ടതില്ലെന്ന് പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യൻ എം.ജെ.
വേറിട്ട പ്രഖ്യാപനം നടത്തി. പൂഞ്ഞാറിലെ ആർ. ശങ്കര മെമ്മോറിയല്‍ യുപി സ്കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
കിണർ കുത്തുവാൻ രൂപ അനുവദിക്കുക, റോഡ് ടാർ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികള്‍ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എംഎല്‍എ ഫണ്ട് നല്‍കുമ്പോള്‍ തൻ്റെ പേര് അവിടെ എഴുതി വെയ്ക്കലൊന്നും വേണ്ട എന്ന് മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻ്റുമാരോട് പറഞ്ഞിട്ടുണ്ടെന്നും എം.എല്‍.എ പ്രസംഗത്തില്‍ പറയുന്നു.
ഞാനുള്‍പ്പെടുന്ന ജനങ്ങളുടെ നികുതിപ്പണമാണിത്. സർക്കാർ എംഎല്‍എ ഫണ്ട് ആയി ഇത് തരുമ്പോള്‍ അതില്‍ തന്റെ പേരും, വീട്ടുപേരും എഴുതിവെക്കേണ്ട കാര്യമുണ്ടോ? മാനസികമായി ഇതിനോട് യോജിക്കാൻ കഴിയില്ല. സർക്കാർ തരുന്ന ഫണ്ടാണ്. എൻ്റെ ഉത്തരവാദിത്വമാണ് കൃത്യമായി മണ്ഡലത്തില്‍ ഫണ്ട് വിനിയോഗിക്കുക എന്നത്. അല്ലാതെ നിങ്ങള്‍ ജയിപ്പിച്ചു വിട്ട ശേഷം താൻ വകുപ്പു പറയേണ്ടതില്ല.

