ബെംഗളൂരു:ഗവര്‍ണര്‍ എര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ബംഗളൂരു പൊലീസ്.
ഗര്‍ഭിണി ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിക്കിടന്നത് അരമണിക്കൂര്‍. പിന്നാലെ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധധിച്ച് ഭര്‍ത്താവ്. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡില്‍ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്നാണ് യുവാവും ഗർഭിണിയായ ഭാര്യയും റോഡില്‍ കുടുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്.
ബെംഗളൂരുവില്‍ വിഐപി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയന്ത്രണങ്ങള്‍ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെയും ഒരു പൊതുപ്രവർത്തകന്റെയോ രാഷ്ട്രീയക്കാരന്റെയോ അല്ല, മറിച്ച് ഒരു സാധാരണക്കാരന്റെ ശക്തമായ പ്രതിഷേധം. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡില്‍ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്ന്, ഗർഭിണിയായ തന്റെ ഭാര്യ കാറിനുള്ളില്‍ കുടുങ്ങിയതില്‍ പ്രകോപിതനായ ഒരു യുവാവാണ് റോഡിലിരുന്ന് വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഓള്‍ഡ് എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. നിലവില്‍ ഈ റോഡില്‍ അടിപ്പാത നിർമ്മാണം നടക്കുന്നതിനാല്‍ സാധാരണ ദിവസങ്ങളില്‍ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
എന്നാല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പൊലീസ് ഏതാണ്ട് 30 മിനിറ്റോളം പൂർണ്ണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞിട്ടു. ഗവർണർ എച്ച്‌എഎല്‍ എയർപോർട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ തങ്ങളുടെ വാഹനം തടഞ്ഞുവെച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. കനത്ത ട്രാഫിക് ബ്ലോക്കില്‍ ഭാര്യ കാറിനുള്ളില്‍ പെട്ടുപോയതോടെ, സഹികെട്ട യുവാവ് കാറില്‍ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

