വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് സൈന്യം പ്രധാന മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെയും ദീർഘദൂര ആയുധങ്ങളുടെയും വലിയൊരു പങ്ക് ഉപയോഗിച്ചുതീർന്നതായി റിപ്പോർട്ടുകള്‍ പുറത്ത്.
ഇതോടെ പെന്റഗണിന്റെ സൈനിക സജ്ജീകരണ ശേഷിയെക്കുറിച്ച് ഉന്നത തലത്തില്‍ ആശങ്ക ഉയർന്നിരിക്കുകയാണ്.
യുഎസ് സൈനിക വിലയിരുത്തലുകളുമായി ബന്ധപ്പെട്ട നിരവധി വൃത്തങ്ങള്‍ സിഎൻഎന്നിനോട് പറഞ്ഞതനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ടെർമിനല്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ഇന്റർസെപ്റ്ററുകളുടെ ഏകദേശം 80 ശതമാനവും ഇതിനകം ഉപയോഗിച്ചുതീർന്നിട്ടുണ്ട്. അതേസമയം, പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ ഇന്റർസെപ്റ്ററുകളില്‍ പകുതിയോളം വിനിയോഗിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
യുദ്ധത്തിന് മുമ്പ് യുഎസിന് ഏകദേശം 452 THAAD മിസൈലുകളും 2,200ഓളം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും ഉണ്ടായിരുന്നുവെന്നാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണല്‍ സ്റ്റഡീസ് നടത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ശേഖരത്തിലെ കുറവ് ശ്രദ്ധേയമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

