ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയില്‍ സർക്കാർ ആശുപത്രിയില്‍ പ്രസവത്തിനിടെ 25കാരിയായ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി ആശുപത്രിയില്‍ കരഞ്ഞും നിലവിളിച്ചും ബന്ധുക്കളോട് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ വിവാദമായത്. അതേസമയം യുവതിയുടേയും കുഞ്ഞിന്റേയും മരണശേഷം ചികിത്സയില്‍ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചികിത്സ നല്‍കിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് നഴ്സിങ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
രേവ ജില്ലയിലെ ഹത്വ സ്വദേശിനിയായ കല്‍പന മിശ്ര(25) പ്രസവത്തെ തുടർന്ന് മരിച്ചത് ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കല്‍പനയെ പ്രസവത്തിനായി ഓഗസ്റ്റ് 25-ന് രാത്രിയിലാണ് സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബം പറയുന്നു. ഓഗസ്റ്റ് 26 രാത്രി ഏകദേശം 8.30ഓടെ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പ്രസവത്തിന് പിന്നാലെ കല്‍പനയും കുഞ്ഞും മരിക്കുകയായിരുന്നു.

