കോഴിക്കോട്: ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തുന്ന സംഘത്തിലുള്‍പ്പെട്ട നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടില്‍ മണികണ്ഠൻ (25) അറസ്റ്റില്‍.
സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഐപിഎസ്സിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് എ.സി.പി. ബിജുവിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം ഇൻസ്പെക്ടർ കിരണും സംഘവും ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. കഴിഞ്ഞ മാസം 19-ന് രാവിലെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണമാല മോട്ടോർ സൈക്കിളിലെത്തിയ സംഘം കവർന്നിരുന്നു.
സംഭവത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ ഉള്‍വഴികളിലൂടെ ഏകദേശം നാല്‍പ്പത് കിലോമീറ്റർ സഞ്ചരിച്ചാണ് നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തിയത്. അത്രയും ദൂരം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കവർച്ചാ സമയത്ത് വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചാണ് പ്രതികള്‍ കവർച്ച നടത്തിയതെന്നും കണ്ടെത്തി. ഒരിക്കലും തങ്ങളിലേക്ക് അന്വേഷണം എത്തില്ലെന്ന പ്രതികളുടെ ആത്മവിശ്വാസമാണ് കോഴിക്കോട് റൂറല്‍ ജില്ലയില്‍ രണ്ടും സിറ്റിയില്‍ കുന്ദമംഗലം സ്റ്റേഷൻ പരിധിയില്‍ രണ്ടു കവർച്ചകളും ചെയ്യാൻ പ്രതികള്‍ക്ക് ധൈര്യം കിട്ടിയത്. എന്നാല്‍ ഇവിടങ്ങളില്‍ നടന്ന സമാന രീതിയിലുള്ള കവർച്ചകളായതിനാല്‍ ഒരേ സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് തുടക്കത്തിലെ സംശയിച്ചിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കവർച്ചകള്‍ ആയതിനാല്‍ പോലീസ് അന്വേഷണം അതീവ ഗൗരവത്തോടെയാണ് മുന്നോട്ട് കൊണ്ടുപോയത്. കമ്മീഷണർ ഐ.ജി ഷൗക്കത്തലി കൃത്യമായ നിർദ്ദേശങ്ങള്‍ ക്രൈം സ്‌ക്വാഡിന് നല്‍കിക്കൊണ്ടിരുന്നു.
സമാന കേസുകളിലുള്‍പ്പെട്ട നിരവധി പ്രതികളെ ചോദ്യം ചെയ്തും, നൂറോളം വാഹനങ്ങള്‍ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയത്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പിന്തുടർന്ന് പോലീസ് സംഘം തമിഴ്‌നാട്ടിലെത്തിയെങ്കിലും മണികണ്ഠൻ കേരളത്തിലേക്ക് തിരിച്ച വിവരമറിഞ്ഞ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ തിരിച്ചെത്തി കോഴിക്കോട് പാവമണി റോഡില്‍ വെച്ചാണ് പ്രതിയെ വലയിലാക്കിയത്.

