അരൂർ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു.
അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്. ഈ മാസം ആറാം തീയതിയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. നൃത്ത ക്ലാസിലേക്ക് പോകുംവഴി കാലില്‍ എന്തോ കടിച്ചത് പോലെ തോന്നിയപ്പോള്‍, കട്ടുറുമ്പ് കടിച്ചതാകാമെന്നാണ് നിയ ആദ്യം കരുതിയത്. എന്നാല്‍ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകള്‍ കഠിനമാകുകയും ചെയ്തു. ഇതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട നിയ, 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അപ്രതീക്ഷിത വിയോഗം അരൂർ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

