വാഷിങ്ടണ്‍: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
എന്നാല്‍ യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായുള്ള ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ പിതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. മുജ്തബ ഖമേനിയുടേതെന്ന് സ്ഥിരീകരിക്കാവുന്ന പുതിയ ചിത്രങ്ങളും പുറത്തുവന്നിരുന്നില്ല. ഇതോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.
"അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തില്‍ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാല്‍ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്, പക്ഷേ അദ്ദേഹം മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല"- ട്രംപ് പറഞ്ഞു.

