ടെക്സസ്: കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ നേരിടന്ന മാനസിക സമ്മർദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ലോകത്തെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളില്‍ ഒരാളും ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയിമർ എഡ്ഡി ഗ്വരേരോയുടെ മകള്‍ ഷെറിലിൻ ഗ്വരേരോ.
രണ്ടാനച്ഛനില്‍ നിന്ന് താൻ ലൈംഗികാതിക്രമത്തിന് ഇരയായതായി അവർ വെളിപ്പെടുത്തി. "ദ് സ്മൂത്ത് വേഗ " എന്ന പോഡ്കാസ്റ്റിലാണ് 2020ല്‍ താൻ തന്റെ സ്റ്റെപ്പ്‌ഫാദറില്‍ നിന്ന് പീഡനത്തിനിരയായതായി വെളിപ്പെടുത്തിയത്.
"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണ്. അത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടമായിരുന്നു. എനിക്ക് ഇനി ജീവിക്കേണ്ടതില്ലെന്ന തോന്നല്‍ വരുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. അന്ന് എന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നൊരു ശൂന്യത ഞാൻ അനുഭവിച്ചു," എന്നാണ് പോഡ്കാസ്റ്റില്‍ ഷെറിലിൻ പറഞ്ഞത്.
പുറത്തുനിന്ന് നോക്കുമ്പോള്‍ എല്ലാം സാധാരണപോലെ തോന്നിയിരുന്നെങ്കിലും, ഉള്ളില്‍ വലിയ മാനസിക പീഡനമാണ് താൻ അനുഭവിച്ചിരുന്നത്. പ്രശസ്ത കുടുംബത്തില്‍ വളർന്നതിനാല്‍ തന്റെ വ്യക്തിപരമായ വേദനകള്‍ തുറന്ന് പറയാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. അതേസമയം, കഠിനമായ ദുഖത്തിലൂടെ കടന്നു പോയപ്പോള്‍ തന്റെ അച്ഛൻ എഡ്ഡി ഗ്വരേരോയുടെ ജീവിത പോരാട്ടങ്ങളാണ് തനിക്ക് കരുത്തായത് എന്നും ഷെറിലിൻ പറഞ്ഞു. ഡബ്ല്യുഡബ്ല്യുഇ യില്‍ നിന്ന് പുറത്താക്കപ്പെട്ടതും, റീഹാബില്‍ പ്രവേശിക്കേണ്ടിവന്നതും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെ മറികടന്ന് വീണ്ടും ഉയർന്നെത്തിയ അദ്ദേഹത്തിന്റെ ജീവിതകഥ തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് അവർ ഓർമ്മിപ്പിച്ചു. "അച്ഛൻ ഒരിക്കലും കീഴടങ്ങിയില്ല. അതാണ് എന്നെയും മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്," അവർ കൂട്ടിച്ചേർത്തു.

