കൊച്ചി: ഓണ്‍ലൈൻ മാധ്യമത്തില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പർശിക്കുകയും ചെയ്തെന്ന പരാതിയില്‍ ഓണ്‍ലൈൻ ചാനല്‍ ജീവനക്കാരൻ അറസ്റ്റില്‍.
കലൂർ ഫ്രീഡം റോഡിലെ ജെ.എം. അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്.
എറണാകുളം സെൻട്രല്‍ എസിപി സി.ബി. ടോമിന്റെ നിർദേശപ്രകാരം മുളവുകാട് പൊലീസും എസിപിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്തെ ഒരു ബാറില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവല്‍ മാർട്ട് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റലില്‍ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.

