ബീജിംഗ്: തന്റെ അമ്മയുടെ രൂപത്തില്‍ നാണക്കേട് തോന്നി സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാതിരുന്ന ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ചൈനീസ് വ്യവസായി.
ജീവനക്കാരനെ പിരിച്ചുവിട്ടതു കൂടാതെ ആ അമ്മക്ക് സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഒരു നിർമ്മാണ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ കുയി പെയ്ജുൻ തന്നെയാണ് താൻ ചെയ്ത കാര്യം പൊതു സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.
ജീവനക്കാരുടെ മക്കള്‍ക്കായുള്ള വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് ആന്റ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് കുയി ഈയൊരു അനുഭവം പങ്കുവെച്ചത്. 331 ജീവനക്കാരുടെ മക്കളാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. മാതാപിതാക്കളോടുള്ള ആദരവും സ്നേഹവുമാണ് ഒരു നല്ല മനുഷ്യനായിരിക്കാനുള്ള അടിസ്ഥാനമെന്ന് കുയി ചടങ്ങില്‍ ഊന്നിപ്പറഞ്ഞു.
ഇതിനായി മുൻപു നടന്ന സംഭവത്തെ കുറിച്ച് കുയി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ' ജീവനക്കാരന് രണ്ട് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അമ്മ ഒറ്റയ്ക്കാണ് അയാളെ വളർത്തിയത്. എന്നാല്‍, അമ്മയുടെ രൂപത്തില്‍ നാണക്കേട് തോന്നിയ ജീവനക്കാരൻ സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിക്കാൻ തയ്യാറായില്ല. ഇത് അറിഞ്ഞ താൻ അയാളോട് ഇക്കാര്യം ചോദിച്ചു, മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പിരിച്ചുവിട്ടെന്നും അദ്ദേഹം പറഞ്ഞു.

