കല്പറ്റ: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ എം. ഗീതാനന്ദൻ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു.
വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് വിധി.
മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ആക്രമണത്തില്‍ പരുക്കേറ്റ സലാമിന് മൂന്ന് ലക്ഷം രൂപയും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി.കെ. ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തില്‍ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന മുത്തങ്ങ ഭൂസമരം കേരളത്തിലെ ശ്രദ്ധേയമായ ആദിവാസി സമരങ്ങളിലൊന്നായിരുന്നു.

