മുംബൈ: തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസില്‍ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.
താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കരും മകള്‍ ശ്രുതി പണിക്കരുമാണ് സ്ലീപ്പർ കോച്ചില്‍ കവർച്ചയ്ക്കിരയായത്. മൂന്ന് സ്വർണവളകളും മാലകളും ഉള്‍പ്പെടുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്.
ഗോവയ്ക്കും തിവിമിനുമിടയിലെ മജോർഡ ജങ്ഷന് സമീപത്താണ് കവർച്ച നടന്നത്. യാത്രക്കാർ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന ലോക്കർ കവർച്ചാ സംഘത്തില്‍പ്പെട്ട കെ.എൻ. നിഖില്‍ കുമാറിനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
ഞായറാഴ്ച പുലർച്ചെ 5.15നും 5.30നുമിടയിലാണ് മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്ത് സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കയ്യില്‍നിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചുവലിച്ചതോടെ ഇരുവരും തമ്മില്‍ പിടിവലിയുണ്ടായി. ഇതിനിടെ വലിയൊരു അപകടത്തില്‍നിന്നാണ് സ്മിത തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

