ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ റാവല്‍ക്കോട്ടില്‍ പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി.
സംഘർഷത്തില്‍ ഇതുവരെ 30ഓളം പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ജൂലായ് 27ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ മാത്രം 14 പ്രവർത്തകർ കൊല്ലപ്പെട്ടതായി പ്രക്ഷോഭം നയിക്കുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ അവകാശങ്ങള്‍, വിലക്കയറ്റം, ഉയർന്ന വൈദ്യുതി നിരക്ക് എന്നിവയ്ക്കെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങള്‍ ഭീകരവാദികളല്ലെന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് പോരാടുന്നതെന്നും പ്രക്ഷോഭകർ പറയുന്നു. "ഞങ്ങള്‍ ആവശ്യപ്പെട്ടത് ഭക്ഷണവും വൈദ്യുതിയുമാണ്, എന്നാല്‍ പകരം ഞങ്ങള്‍ക്ക് ലഭിക്കുന്നത് വെടിയുണ്ടകളാണ്" എന്നാണ് പരിക്കേറ്റ ഒരു യുവാവ് പ്രതികരിച്ചത്.
സംഘർഷത്തില്‍ ഇരയായവരില്‍ ഭൂരിഭാഗവും 15നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നാണ് റിപ്പോർട്ടുകള്‍. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നല്‍കാൻ പോലും കഴിയാത്ത സാഹചര്യമാണ് മേഖലയിലെ ആരോഗ്യ സംവിധാനങ്ങളിലുള്ളത്. താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളില്‍ നിരവധി വെടിയേറ്റവർ ചികിത്സ തേടിയെത്തുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് മികച്ച ആശുപത്രി ചികിത്സ ആവശ്യമാണെങ്കിലും, അവിടെ എത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താല്‍ പലരും താല്‍ക്കാലിക ക്ലിനിക്കുകളെ ആശ്രയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

