ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും കറൻസിയുടെ തകർച്ചയും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭരണകൂടം മാറുമെന്ന പ്രതീക്ഷയിലായിരുന്ന പലരും ഇപ്പോള്‍ എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
ഇറാന്റെ സെൻട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനത്തിലെത്തി. ഇതിനിടെ ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് ഏകദേശം 20 ലക്ഷം റിയാല്‍ എന്ന നിലയിലേക്കാണ് റിയാല്‍ ഇടിഞ്ഞത്. കറൻസിയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കുത്തനെ ഉയരാനും കാരണമായി.
മുട്ട ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ആഴ്ചതോറും വർധിക്കുകയാണ്. ചെറുപയർ, കടല തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുയർന്നു. ഇടത്തരം കുടുംബങ്ങള്‍ക്കുപോലും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് ബുദ്ധിമുട്ടായതോടെ പലരും ഭാവിയിലെ ഭക്ഷ്യക്ഷാമം ഭയന്ന് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിയ തോതില്‍ സംഭരിക്കുന്നതായാണ് റിപ്പോർട്ടുകള്‍. പാകിസ്താനില്‍നിന്ന് അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും വർധിച്ചിട്ടുണ്ട്.

