കോട്ടയം: പുലർച്ചെ രണ്ടുമണിയോടെ മഴ തകർത്തുപെയ്യുകയായിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തിലെ മണപ്പാട്ട് ജോണിയുടെ വീടിനെ ആ മഴ നാമാവശേഷമാക്കി.
പയ്യാനിത്തോട്ടത്തുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും ദാരുണാന്ത്യം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്.
പുലർച്ചെ ഏഴുമണിയോടെ ആദ്യം കണ്ടെത്തിയത് മകൻ ജോസഫിന്റെ മൃതദേഹം. അവിടെനിന്ന് രക്ഷാപ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നത് ഇനിയും വലിയ ദൗത്യം. കോണ്‍ക്രീറ്റ് പാളികളും മണ്ണും കല്ലും നീക്കി, അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജീനയുടെ മൃതദേഹം കൂടി കണ്ടെത്തിയത്.
ഒരിക്കല്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും ജീവിതവും നിറഞ്ഞുനിന്നിരുന്ന വീട് ഇന്ന് അവിടെയില്ല. വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മണ്‍കൂന മാത്രം.

