ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം വീണ്ടും ചർച്ചയാക്കി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ.
അമേരിക്കയില്‍ പഠനം നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന മട്ടില്‍ ബി.ജെ.പി പ്രചാരണം നടത്തുകയും വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ചെയ്തതോടെയാണ് ശക്തമായ മറുപടിയുമായി അഭിജീത് രംഗത്തെത്തിയത്. 'ഞാൻ എങ്ങനെയാണ് അമേരിക്കയില്‍ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബി.ജെ.പി പ്രവർത്തകൻ എനിക്കെതിരെ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നതറിഞ്ഞു.
എനിക്ക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ലഭിച്ച സ്കോളർഷിപ്പ് ലെറ്ററും എജ്യുക്കേഷൻ ലോണ്‍ രേഖകളും പരസ്യപ്പെടുത്താൻ ഞാൻ തയ്യാറാണ്. എന്നാല്‍, പകരം നിങ്ങളുടെ പരമോന്നത നേതാവ് അദ്ദേഹത്തിന്റെ അസല്‍ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ?. ഒരു സാധാരണ കുടുംബത്തിലെ പയ്യൻ ബോസ്റ്റണ്‍ യൂനിവേഴ്സിറ്റിയില്‍ പോയി പഠിക്കുന്നത് കൊണ്ട് ഇവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്? നിങ്ങള്‍ക്ക് വിദ്യാഭ്യാസത്തോട് എന്താണ് ഇത്ര വിരോധം?''- ചക്രവർത്തി ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയാറാകുമോ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെ അഭിജീത് ചോദിച്ചു. പേരെടുത്ത് പറയുന്നില്ലെങ്കിലും 'ചക്രവർത്തി' എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഉദ്ദേശിച്ചതാരെയെന്ന് വ്യക്തം.
വിദ്യാർഥി വേട്ട തുടരുന്ന പക്ഷം ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം കുത്തിപ്പൊക്കുമെന്നതിന്റെ സൂചനയാണ് ഈ സന്ദേശം. അതിനിടെ, ബംഗ്ലാദേശിലെയും നേപ്പാളിലെയും പ്രക്ഷോഭങ്ങളുമായി ഡല്‍ഹിയിലെ സി.ജെ.പി പ്രക്ഷോഭത്തെ ഉപമിച്ച തസ്‌ലീമ നസ്രീന്റെ പ്രസ്താവനയോടും ദീപ്കെ പ്രതികരിച്ചു. തങ്ങളുടെ സമരം തികച്ചും വ്യത്യസ്തമാണെന്നും പ്രക്ഷോഭങ്ങളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എത്തിയ വിവരാവകാശ പ്രവർത്തകനും അഭിജീത് ദീപ്കെ മറുപടി നല്‍കിയിരുന്നു. ബോസ്റ്റണ്‍ സർവകലാശാല നല്‍കിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയുമാണ് തന്റെ അമേരിക്കൻ പഠനത്തിന് സാമ്പത്തിക സഹായമായതെന്നും കുടുംബത്തിന്റെ പേരില്‍ ഉയർന്ന സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിജീത് ദീപ്കെയുടെ വിശദീകരണം. പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയായിരുന്നു രംഗത്തെത്തിയത്.

