ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരവും മോർഫ് ചെയ്തതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ മെറ്റാ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുമെതിരെ തെലങ്കാനയില്‍ കേസ്.
ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് കേസെടുത്തത്. കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. തെലങ്കാന ബിജെപി പ്രവർത്തകൻ ടി. സായികിരണ്‍ ഗൗഡും വ്യവസായി എസ്. അരവിന്ദ് റെഡ്ഡിയും നല്‍കിയ പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയെ അശ്ലീലവും അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയില്‍ ചിത്രീകരിക്കുന്നതായി ആരോപിക്കപ്പെടുന്ന നിരവധി എഐ നിർമിത വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ടതായി പരാതിക്കാർ പറഞ്ഞു.

