ബെംഗളൂരു: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലിയുള്ള അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്.
മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎല്‍എ യശ്വന്ത്‌റായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎല്‍എ സംഗമേഷും രാജി പ്രഖ്യാപിച്ചു. മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രിയ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എംഎല്‍എമാരുടെ അനുയായികള്‍ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിജയനഗരിയില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ പ്രതിഷേധം ശക്തമായി. രോഷാകുലരായ അനുയായികള്‍ ഡികെയുടെ കോലം കത്തിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മന്ത്രിമാരുടെ അന്തിമ പട്ടികയെച്ചൊല്ലിയുള്ള അനിശ്ചിതത്വവും തുടരുകയാണ്.
മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചും പാർട്ടി നേതൃത്വത്തിനുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. നേതാക്കളെയും അനുയായികളെയും അനുനയിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടരുകയാണ്.

