തിരുവനന്തപുരം: സിഎംആർഎല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യേഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിച്ച പ്രതികരിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ.
റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പക്വമായ നിലപാടാണോ സ്വീകരിച്ചതെന്ന് ഇ പി ജയരാജൻ ചോദിച്ചു.
'ഇവിടെ ബോധപൂർവ്വം പ്രശ്‌നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഒരു വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോള്‍ അവർക്കിടയിലേക്ക് കാറുമെടുത്ത് പോകാൻ പറ്റുമോ? സ്വാഭാവികമായും അവരില്‍ നിന്ന് പ്രതികരണം ഉണ്ടാകില്ലേ?. ഇവിടെ പിണറായിയില്‍ എല്ലാവരേയും മാറ്റി നിർത്തിയിട്ടല്ലേ അവർ പോയത്', ഇ പി ജയരാജൻ ചോദിച്ചു.
തിരുവനന്തപുരത്ത് പ്രകോപനം മന:പൂർവം ഉണ്ടാക്കാൻ ശ്രമിച്ചു. ക്ഷുഭിതനായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥർ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ബോധപൂർവ്വമാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ആർഎസ്‌എസ്- ബിജെപി- കോണ്‍ഗ്രസ് അജണ്ട നടപ്പിലാക്കി സിപിഎമ്മിനെ തകർക്കാനാണ് ശ്രമം. അങ്ങനെ തകർക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

