പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താൻ ജില്ലയില്‍ എത്താൻ വൈകിയെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരുമായും എം.എല്‍.എമാരുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളും മറ്റ് നടപടികളും ഏകോപിപ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് ക്യാംപില്‍ പ്രശ്നമുണ്ടെന്ന് അറിയിച്ചാലും പരിഹരിക്കും. അത് സി.പി.എം പ്രവർത്തകർ ചൂണ്ടിക്കാട്ടിയാലും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
150ല്‍ അധികം ആളുകളുള്ള ദുരിതാശ്വാസ ക്യാംപുകള്‍ രണ്ടായി വിഭജിക്കും. അതിഥി തൊഴിലാളികളെ കോണ്‍ട്രാക്ടർമാർ ആവശ്യമായ സഹായം നല്‍കാതെ ക്യാംപുകളിലേക്ക് അയക്കുന്ന സാഹചര്യമുണ്ട്. ഇവർക്കായി പ്രത്യേക ഭക്ഷണം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

