ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ.
'നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുള്ളതാണ്' എന്നായിരുന്നു മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെ കുറിച്ചത്.
പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച ബില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ പ്രശംസിച്ച് മോദി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ദീപ്കെയുടെ കമന്റ്. കൂടുതല്‍ വിശ്വസനീയമായ പരീക്ഷാ സംവിധാനം ഒരുക്കുന്നതിനും ചോദ്യപ്പേപ്പർ ചോർച്ച മാഫിയകളെ നേരിടുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ബില്‍ പാസാക്കിയതെന്നായിരുന്നു മോദിയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ പരിഹസിച്ച് അഭിജിത്ത് ദീപ്കെ നേരത്തെയും രംഗത്തെത്തിയിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായി മാറണമെന്നായിരുന്നു ദീപ്കെയുടെ പരിഹാസം. ഇൻഫ്ലുവൻസർ എന്ന നിലയില്‍ മോദി തന്റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും മറ്റൊരാള്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

