സിനിമാപ്രേമികള്‍ക്ക് ആവേശമേകാൻ ജൂണ്‍ മാസത്തില്‍ തിയേറ്ററുകളില്‍ പുതിയ റിലീസുകളുടെ പെരുമഴക്കാലം തന്നെയാണ് എത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞതും മുതല്‍ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.
രാം ചരണ്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂണ്‍ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്‍ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്‍റെ റിലീസ് ജൂണ്‍ 5-നാണ്. ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസും ജൂണ്‍ 5-നാണ്. ആര്യ നായകനായെത്തുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 25-നാണ്. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോര്‍ജ്ജ് ചിത്രവും ജൂണില്‍ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ജൂണ്‍ 5-ന് തിയേറ്ററുകളില്‍ റിലീസിന് എത്തുന്നുണ്ട്.
പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ 'അനന്തൻ കാട്' എന്ന ചിത്രത്തില്‍ തമിഴ് നടൻ ആര്യയാണ് നായകൻ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തില്‍ എത്തുന്നത്.

