തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് മർദ്ദനമേറ്റതായാണ് പരാതി.
എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെ. ആണ് പരാതിക്കാരന്‍. മെയ് 30-ന് വൈകുന്നേരം 4 മണിയോടെ പിണറായി വിജയനെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് ട്രെയിനില്‍ യാത്ര തിരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
പോലീസ് അകമ്പടിയോടെ KL 01 CR 4291 എന്ന വാഹനത്തിലാണ് അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്. അദ്ദേഹം വാഹനം ഇറങ്ങി സ്റ്റേഷനിലേക്ക് പ്രവേശിച്ച ശേഷം, അനൂപ് വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥർ തടസ്സവാദങ്ങളുമായി എത്തുകയായിരുന്നു. "വണ്ടി എടുത്തുമാറ്റെടാ" എന്ന് ആക്രോശിച്ചുകൊണ്ട് ഉദ്യോഗസ്ഥർ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് തന്നെ കൈയേറ്റം ചെയ്തതെന്ന് അനൂപ് പരാതിയില്‍ ആരോപിക്കുന്നു.
തന്നെ കഴുത്തിന് പിടിച്ചു തള്ളുകയും ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തതായി അനൂപ് പറയുന്നു. സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

