കല്‍പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തില്‍ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കോണ്‍സ്റ്റബിള്‍ കെ.വി.
വിനോദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതേവിട്ടു. കൊലപാതകം നടത്തിയതായി കണ്ടെത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചിരുന്നു. വിനോദിനെ അവസാനമായി വെട്ടിയത് അശോകനാണെന്നും അതാണ് മരണകാരണമെന്നും കോടതി കണ്ടെത്തി. പ്രതി മരിച്ചതിനാല്‍ അശോകനെതിരെ ശിക്ഷ വിധിച്ചില്ല.
മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കല്‍പറ്റ പ്രിൻസിപ്പല്‍ ഡിസ്ട്രിക്‌ട് ആൻഡ് സ്പെഷ്യല്‍ കോടതി വ്യക്തമാക്കി.
അതേസമയം, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട അബ്ദുള്‍ സലാം വധശ്രമക്കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എം. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപുര, അനില്‍കുമാർ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ മറ്റ് 53 പ്രതികളെ കോടതി വെറുതേവിട്ടു.

