ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘർഷങ്ങളിലും ചരക്ക് കപ്പലുകള്‍ക്കും നാവികർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
ചരക്ക് കപ്പലുകള്‍ക്കും നാവികർക്കും നേരെ ഏത് ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി ജയശങ്കർ വ്യക്തമാക്കി. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ നയതന്ത്ര ചർച്ചകള്‍ക്കാണ് ഇന്ത്യ എപ്പോഴും പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'മേഖലയിലെ നിലവിലെ സംഘർഷങ്ങളില്‍ ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിച്ചു. യാതൊരു കാരണവശാലും ചരക്ക് കപ്പലുകള്‍ക്കോ നാവികർക്കോ നേരെ ആക്രമണം ഉണ്ടാകരുത്. ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു', ജയശങ്കർ എക്സില്‍ കുറിച്ചു.

