Dailyhunt
പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയക്ക് ചരിത്ര വിജയം

പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയക്ക് ചരിത്ര വിജയം

Perambranews 1 week ago

പേരാമ്പ്ര: വാശിയേറിയ മത്സരത്തില്‍ പേരാമ്പ്രയില്‍ ചരിത്രവിജയം കരസ്ഥമാക്കി യൂത്ത് ലീഗിന്റെ യുവ സാരഥി ഫാത്തിമ തഹിലിയ.

സംസ്ഥാനവും രാജ്യവും ഉറ്റുനോക്കിയ മത്സരത്തില്‍ ഇടതുമുന്നണിയിലെ കൊല കൊമ്പനെയാണ് 5087 വോട്ടുകള്‍ക്ക് തഹിലിയ പേരാമ്പ്രയില്‍ മുട്ടുകുത്തിച്ചത്.

കഴിഞ്ഞ 46 വര്‍ഷക്കാലമായി സിപിഎമ്മും ഇടതുമുന്നണിയും കുത്തകയാക്കിവെച്ച പേരാമ്പ്ര മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ ടി.പി രാമകൃഷ്ണനോടാണ് തഹിലിയ ഏറ്റുമുട്ടിയത്. ടി.പി രാമകൃഷ്ണന്റെ പേരാമ്പ്രയിലെ നാലാമത്തെ അങ്കമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ തവണ 22592 വോട്ടുകള്‍ നേടി വന്‍ വിജയം നേടിയ ടി.പി രാമകൃഷ്ണനാണ് ഇത്തവണ തഹിലിയക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞത്.

ടി.പിയുടെ എതിരാളിയായി തഹിലിയ എത്തിയത് മുതല്‍ പേരാമ്പ്ര മണ്ഡലം ശ്രദ്ധാകേന്ദ്രമായി. അനൗണ്‍സ്‌മെന്റ് വിവാദവും സ്‌ട്രോങ്ങ് റൂം വിവാദവും രാഷ്ട്രീയ കേരളം പേരാമ്പ്രയെ ഉറ്റുനോക്കി. മിക്ക തിരഞ്ഞെടുപ്പ് പ്രവചനങ്ങളും പേരാമ്പ്രയില്‍ യുഡിഎഫിന് വിജയം പ്രവചിച്ചിരുന്നു. എങ്കിലും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പേരാമ്പ്ര ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്.

ബിജെപി, കോണ്‍ഗ്രസ് വോട്ടുകളില്‍ ഉണ്ടാവുന്ന വിള്ളലുകള്‍ തങ്ങള്‍ക്ക് അനുകൂലമായാല്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും കര കയറാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം നേതാക്കള്‍. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ബിജെപിയുടെ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിച്ചു. കഴിഞ്ഞ 11165 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.വി സുധീര്‍ കുമാറിന് ലഭിച്ചപ്പോള്‍ ഇത്തവണ 13042 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി എം മോഹനന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. ഫാത്തിമ തഹിലിയക്ക് 81429 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി.പി രാമകൃഷ്ണന് 76342 വോട്ടുകളാണ് ലഭിച്ചത്.

2021 ല്‍ ടി.പി രാമകൃഷ്ണന് 86023 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.എച്ച്‌ ഇബ്രാഹിം കുട്ടിക്ക് 63431 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ടി.പി രാമകൃഷ്ണന് ലഭിച്ച വോട്ടുകളെക്കാള്‍ 4594 വോട്ടുകളുടെ കുറവാണ് തഹിലിയക്ക് ലഭിച്ച ആകെ വോട്ടുകള്‍. എന്നിട്ടും 5087 വോട്ടുകള്‍ക്ക് തഹിലിയ വിജയിക്കുകയായിരുന്നു.

സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ സ്ഥാനാര്‍ത്ഥി അഖില്‍ കുമാറിന് 151 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആം ആത്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രഞ്ജിത്ത് മലയിലിന് 124 വോട്ടുകളുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി ഫാത്തിമത്തു റുഖ്‌സാനക്ക് 151 വോട്ടും, ഫാത്തിമ നെസ്രിക്ക് 140 വോട്ടും, ടി.എം രാമകൃഷ്ണന് 72 വോട്ടും, കെ രാമകൃഷ്ണന് 62 വോട്ടും പി.കെ ബിജുവിന് 66 വോട്ടും ലഭിച്ചപ്പോള്‍ നോട്ടക്ക് 507 വോട്ടുകളും ലഭിച്ചു.

Fatima Tahilia wins historic victory in Perambra

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews