Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 'ബ്ലഡ് കാന്‍സര്‍ സമ്മിറ്റ് 2026' സംഘടിപ്പിച്ചു ; അഭിവന്ദ്യ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത സ്മാരകപ്രഭാഷണം നടന്നു

ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 'ബ്ലഡ് കാന്‍സര്‍ സമ്മിറ്റ് 2026' സംഘടിപ്പിച്ചു ; അഭിവന്ദ്യ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത സ്മാരകപ്രഭാഷണം നടന്നു

Prabhashakan 4 days ago

തിരുവല്ല: രക്താര്‍ബുദങ്ങളായ മൈലോമ, ലിംഫോമ, ല്യൂക്കീമിയ എന്നീ രോഗങ്ങളുടെ രോഗനിര്‍ണ്ണയ രംഗത്തെയും ചികിത്സാരംഗത്തെയും അത്യാധുനിക മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി, ഹെമാറ്റോ-ഓങ്കോളജി, CAR-T സെല്‍ തെറാപ്പി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'ബിലീവേഴ്സ് ബ്ലഡ് കാന്‍സര്‍ സമ്മിറ്റ് 2026' വിജയകരമായി സംഘടിപ്പിച്ചു.

കാരുണ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും പ്രതീകമായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ സ്മരണാര്‍ത്ഥം സമാരംഭിച്ച 'മോര്‍ അത്തനാസിയസ് യോഹാന്‍ ലെഗസി ഒറേഷന്‍' എന്ന സ്മാരകപ്രഭാഷണം ഈ സമ്മേളനത്തിന്റെ മുഖ്യ സവിശേഷതയായിരുന്നു.

ഇന്ത്യയിലെ പ്രമുഖ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധനും, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ (CMC Vellore) ഹെമറ്റോളജി വിഭാഗം പ്രൊഫസറും ഡയറക്ടറുമായ ഡോ. ബിജു ജോര്‍ജ് പ്രഥമ പ്രഭാഷണം നടത്തുകയും ബിലീവേഴ്സ് ബ്ലഡ് കാന്‍സര്‍ സമ്മിറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഇന്ത്യയിലെ രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദവും പ്രാപ്യവുമായ രീതിയില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച്‌ ഡോ. ബിജു ജോര്‍ജ് വിശദീകരിച്ചു.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ രാജ്യത്തെ മുന്‍നിര ഹാപ്ലോഐഡന്റിക്കല്‍ (Haploidentical) സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്ത അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. പരിമിതമായ വിഭവങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഇന്ത്യന്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങളെപ്പറ്റി സൂചിപ്പിച്ച അദ്ദേഹം, ഗവേഷണം, നവീകരണം, ബഹുവിഷയ സഹകരണം എന്നിവയുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. യുവ ഡോക്ടര്‍മാര്‍ക്കും ഹെമറ്റോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുന്ന സന്ദേശങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ IAS, ഡോ. ബിജു ജോര്‍ജിനെ ആദരിച്ച്‌ ഉപഹാരം സമര്‍പ്പിച്ചു. ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും പോലുള്ള സ്ഥാപനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയും ചികിത്സ, അധ്യാപനം, ഗവേഷണം എന്നീ മേഖലകളില്‍ മികവ് നിലനിര്‍ത്തുകയും ചെയ്യുന്ന ദേശീയ മാതൃകകളാണെന്ന് സുമിത് കുമാര്‍ താക്കൂര്‍ IAS അഭിപ്രായപ്പെട്ടു.

അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വല്യത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സണ്ണി കുരുവിള, മെഡിക്കല്‍ സൂപ്രണ്ട് ഡോ ഏബല്‍ കെ സാമുവല്‍ ജോണ്‍സണ്‍, ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ എലിസബത്ത് ജോസഫ്, ഹെമറ്റോളജി വിഭാഗം മേധാവി ചെപ്‌സി സി ഫിലിപ്പ്, റവ ഫാ തോമസ് വര്‍ഗീസ്, എച്ച്‌ ആര്‍ വിഭാഗം മേധാവി സുധാ മാത്യു എന്നിവര്‍ പങ്കെടുത്തു.

ലൂക്കീമിയ, ലിംഫോമ, മള്‍ട്ടിപ്പിള്‍ മൈലോമ, കാര്‍-ടി (CAR-T) തെറാപ്പി, സ്റ്റെം സെല്‍ മാറ്റിവെക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധ ചര്‍ച്ചകളും പാനല്‍ സംവാദങ്ങളും സമ്മേളനത്തില്‍ നടന്നു. ഡോ. ചെപ്‌സി സി. ഫിലിപ്പിന്റെയും 'രക്തം' (RACTHAM) ടീമിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സമ്മേളനം കേരളത്തിലെ രക്താര്‍ബുദ ബാധിതര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും ശാസ്ത്രീയ മുന്നേറ്റങ്ങളും ഉറപ്പാക്കാനുള്ള ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജിന്റെ പ്രതിബദ്ധതയുടെ തെളിവായി മാറി.

അമേരിക്കയിലെ ലോകപ്രശസ്ത കാന്‍സര്‍ ചികിത്സാകേന്ദ്രമായ മയോ ക്ലിനിക്കിലെ മൈലോമാ വിദഗ്ദ്ധന്‍ ഡോ ഷാജികുമാര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ (തലശ്ശേരി), റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (തിരുവനന്തപുരം), അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (തൃശൂര്‍), അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കൊച്ചി), ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് (കോട്ടയം) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ഹെമറ്റോളജി, ഹെമാറ്റോ-ഓങ്കോളജി വിദഗ്ധരും ഫാക്കല്‍റ്റി അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തില്‍ യുവ ഗവേഷകരുടെ പ്രബന്ധ അവതരണങ്ങള്‍ നടന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan