നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം എമെരിറ്റസ് ബിഷപ്പ് അബെലാർഡോ മാറ്റയെ വീണ്ടും അറസ്റ്റ് ചെയ്തു. ജൂണ്‍ 29 തിങ്കളാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ രണ്ടാമത്തെ അറസ്റ്റ്.
80 വയസ്സുകാരനായ ബിഷപ്പ് ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
എസ്തേലിയിലെ (Estelí) ബിഷപ്പ് എമെരിറ്റസായ മോണ്‍സിഞ്ഞോർ മാറ്റ, താൻ ഉപയോഗിക്കുന്ന പേസ്‌മേക്കറിന്റെ പരിശോധനയ്ക്കായി തിങ്കളാഴ്ച ഒരു ക്ലിനിക്കില്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇതിന് തൊട്ടുതലേദിവസം, നിക്കരാഗ്വയില്‍ പീഡിപ്പിക്കപ്പെടുന്ന കത്തോലിക്കാ സഭയ്ക്ക് വേണ്ടി അദ്ദേഹം ഒരു വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു. ഇതാണ് ഡാനിയല്‍ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചത്.
രണ്ടാമത്തെ അറസ്റ്റിന് ശേഷം, മസായയിലെ തിസ്മ എന്ന പട്ടണത്തിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ബിഷപ്പ് വീട്ടുതടങ്കലിലാണെന്ന് നിക്കരാഗ്വൻ പത്രമായ 'ലാ പ്രെൻസ' റിപ്പോർട്ട് ചെയ്യുന്നു. ജൂണ്‍ 28-ന് ബിഷപ്പ് മാറ്റ വിശുദ്ധ കുർബാന അർപ്പിച്ച എസ്തേലിയിലെ എല്‍ കാല്‍വാരിയോ ചർച്ച് ഇടവക വികാരി ഫാദർ ഫ്രാൻസിസ്കോ മൊറാലസ്, ഡീക്കൻ വില്‍ഫ്രഡ് അറൗസ് റോഡ്രിഗസ് എന്നിവരും അറസ്റ്റിലായിരുന്നു. എന്നാല്‍ ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മോണ്‍സിഞ്ഞോർ അബെലാർഡോ മാറ്റ വിരമിച്ചതിനെ തുടർന്ന് 2021 മുതല്‍ എസ്തേലിയിലെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മോണ്‍സിഞ്ഞോർ അല്‍വാരസ്, ഒർട്ടേഗ-മുറില്ലോ ഏകാധിപത്യ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്നു. അനീതിപരമായി 26 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തെ 2024 ജനുവരിയില്‍ നാടുകടത്തിയതിനെ തുടർന്ന് നിലവില്‍ റോമിലാണ് അദ്ദേഹം താമസിക്കുന്നത്.

